2020, മാർച്ച് 21, ശനിയാഴ്‌ച

ജീവിതം എന്ന മഹാത്ഭുതം !


ഈയിടെ നമ്മളെ കരയിച്ച ആ സ്ത്രീകുറ്റവാളിയെക്കുറിച്ച് ഓരോന്നും വായിച്ച് അവിശ്വസനീയതയോടെ തരിച്ചിരുന്നപ്പോ ഓര്‍ത്തത് മുഴുവന്‍ ചാള്‍സ് ശോഭരാജിനെ കുറിച്ച്.  ഹൃദ്രോഗം ബാധിച്ച അയാളുടെ ഹൃദയവാല്‍വ് 2017 ഇല് മാറ്റിവച്ച ഡോ. രമേശ്‌ കൊയ് രാള പറയുന്നു, അതൊരു അപൂര്‍വ്വ അനുഭവമായിരുന്നു എന്ന്. ഡോക്ടര്‍ അടുത്തറിഞ്ഞ ശോഭരാജ് തീര്‍ത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു എന്ന്.
നേപ്പാളില്‍ ഷഹീദ് ഗംഗാലാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്ററിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു അദേഹം. CHARLES SHOBHRAJ: INSIDE THE HEART OF THE BIKINI KILLER എന്ന പുസ്തകം ആ കഥ പറയുന്നു എന്ന് കണ്ടു. പുസ്തകം ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞ കുറെ കാര്യങ്ങള്‍ വായിച്ചു. ചിലതൊക്കെ ഇങ്ങനെ അടിവരയിട്ട് സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു. എല്ലാം ഒന്നുകൂടി ഓർക്കുകയായിരുന്നു ഞാന്‍..
ഈ ശാസ്ത്രക്രിയാനിയോഗം തലയില്‍ വന്നു വീണപ്പോ അദ്ദേഹത്തിന് ആകെ വേവലാതിയായിരുന്നു. ഈ നിയോഗത്തിന്റെ കാര്യം ആദ്യം അദ്ദേഹം പറഞ്ഞത് , ഭാര്യ പൂനത്തിനോടാണ്. അത് കേട്ടതോടെ ഭാര്യ ദേഷ്യത്തോടെ എഴുന്നേറ്റുപോയി കിടപ്പുമുറിയുടെ വാതില്‍ വലിച്ചടച്ചു. അടയ്ക്കുന്നതിന് മുന്നേ അവര്‍ ഡോക്ടറോട് ചോദിച്ചു, "അതിന് അയാള്‍ക്ക് ഹൃദയമുണ്ടോ ?"
ഡോക്ടര്‍ കൊയ് രാളയുടെ മുന്നില്‍ വന്നിരുന്ന്‍, രോഗിയായ ഗുരുമുഖ് ചാള്‍സ് ശോഭരാജ് ക്ഷീണിച്ച സ്വരത്തില്‍ നിസഹായനായി പറഞ്ഞു , "എനിയ്ക്ക് ജീവിയ്ക്കണം..." ഏത് വലിയ തടവറയില്‍ നിന്നും നിഷ്പ്രയാസം പുറത്തുചാടുന്ന അയാള്‍ വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെ തടവറയില്‍ നിസഹായനായി. 'ബിക്കിനി കില്ലര്‍' ജീവന് വേണ്ടി യാചിയ്ക്കുന്നു ! അനേകമനേകം ജീവനുകളെ ഞെരിചില്ലാതാക്കിയ കൈകള്‍ കൂപ്പി അയാള്‍ ചോദിയ്ക്കുന്നു, " ഡോക്ടര്‍ എന്നെ സഹായിയ്ക്കാമോ ? എനിയ്ക്ക് ജീവിയ്ക്കണം" ! ജീവിതം എന്ന മഹാത്ഭുതത്തിന് മുന്നില്‍ ആ നേപ്പാളി ഡോക്ടര്‍ അമ്പരന്നിരുന്നു എന്ന്  വായിച്ചത് , അതിലേറെ അമ്പരപ്പോടെ ഞാനും ഓർത്തു    .. അയാളൊരു മനുഷ്യശരീരം എന്നതിനേക്കാള് , പിടികിട്ടാത്ത ‍ ഒരു മന:ശാസ്ത്രപ്രശ്നമായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.
"എന്താണ് ഒരു മനുഷ്യനെ കൊലയാളിയാക്കുന്നത് ?" എന്ന ചോദ്യത്തിന് അതീവ ശാന്തതയോടെ അയാളുടെ മറുപടി - "വികാരങ്ങള്‍. ഒന്നുകില്‍ നിയന്ത്രിയ്ക്കാനാവാത്തവിധം കവിഞ്ഞു മറിഞ്ഞ വികാരങ്ങള്‍. അല്ലെങ്കില്‍ തികഞ്ഞ നിര്‍വ്വികാരത "
ഡോക്ടര്‍ പറയുന്നു, " സാഹസികതയുടെയും സമ്മര്‍ദ്ദത്തിന്റെയും സമയത്ത് ശരീരത്തുണ്ടാകുന്ന അഡ്രിനാലിന്‍ ആ സമയത്ത് ആനന്ദകരമാണ്. എന്നാലത് വര്‍ദ്ധിയ്ക്കുമ്പോള്‍ നമ്മുടെ കണക്കുകൂട്ടലുകളെ അത് തെറ്റിയ്ക്കുന്നു " അമിത അഡ്രിനാലിന്‍ ഹോര്‍മോണ്‍ അയാളെ അന്ധമായ സാഹസങ്ങള്‍ക്ക് പ്രേരിപ്പിച്ചതുമാകാം എന്നദ്ദേഹം നിരീക്ഷിയ്ക്കുന്നു.
എന്തായാലും വായനയ്ക്കിടയില്‍ എപ്പോഴൊക്കെയോ എന്റെ മനസ്സ് ഒന്ന് നിശ്ചലമായിരുന്നു.. കണ്ണുകള്‍ ഒന്നടഞ്ഞിരുന്നു.. എന്തിനെന്നറിയാത്തൊരു വിങ്ങല്‍...

5 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

സ്വന്തം ജീവന്റെ കാര്യം വരുമ്പോൾ മാത്രമേ പലരും ഇങ്ങനെ ചിന്തിക്കൂ

Sivananda പറഞ്ഞു...

അല്ല ! ആരിത് ! കുറെ നാള് ആയല്ലോ കണ്ടിട്ട് :)))) സുഖം തന്നെ ചങ്ങാതി ? എവിടെയുണ്ട് ? നാട്ടിലാണോ? അവസ്ഥ എങ്ങനെ? സേഫ് അല്ലേ? മെയില് അയച്ചാ കിട്ടുവോ?

Sivananda പറഞ്ഞു...

സ്വന്തം ജീവിതം .. ഉം ശരിയായിരിക്കും :)

അജ്ഞാതൻ പറഞ്ഞു...

ഹായ് ശിവ. സുഖമായിരിക്കുന്നു . ഞാൻ സൗദിയിൽ തന്നെ ആണ്. അവിടെ എല്ലാരും സേഫ് അല്ലേ?

Sivananda പറഞ്ഞു...

ഓഹഹ് ഞാന് ചോദിച്ചത് കേട്ടില്ലേ ചങ്ങാതി ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .