2019, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വായനാവഴിയിലെ ഇലയടയാളങ്ങള്‍ ..

എഴുത്തില്‍ സ്ഥിരമായി  മരണം  വിഷയമാക്കുന്നവരോട് ഞാന്‍ പറയാറുണ്ട് ,  വിഷയമൊന്നു മാറ്റിപ്പിടിയ്ക്കാന്‍.  എപ്പോഴും  മരണവും രോഗവും ഒറ്റപ്പെടലുമൊക്കെ സംസാരവിഷയമാക്കുന്നവരോടും ഞാന്‍ പറയാറുണ്ട്, ഇങ്ങനെ എപ്പഴും നെഗറ്റീവ് സംസാരിയ്ക്കല്ലേ എന്ന്.  ചിലപ്പോഴൊക്കെ എനിയ്ക്ക് മറുപടി കിട്ടാറുണ്ട്,  'അത് നെഗറ്റീവ് അല്ല, റിയാലിറ്റി ആണ് '  എന്ന്.  റിയാലിറ്റി ആണെങ്കില്‍പ്പോലും ഇങ്ങനുള്ള സംസാരങ്ങള്‍ പോസിറ്റീവായി എനിയ്ക്ക് തോന്നിയിട്ടില്ല.

''പറഞ്ഞാലും പറഞ്ഞില്ലേലും അത് സംഭവിയ്ക്കും,   അപ്പോപ്പിന്നെ പറഞ്ഞാലെന്താ , പറഞ്ഞില്ലേലെന്താ  ? ''     ചിന്തകളിലെ , വാക്കുകളിലെ ഈ     നിസാരത ഒരു പുനര്‍ചിന്തനം ആവശ്യപ്പെടുന്നുണ്ട്.  അതുകൊണ്ടാണ് എപ്പോഴോ നടന്നുതീര്‍ത്ത  വായനാവഴിയിലെ  ഇലയടയാളങ്ങള്‍ ഒന്നോര്‍ത്തെടുത്തത്.  ഒരുപാട് പറയാനുള്ള വിഷയമാണ്. എന്നാല്‍ ഒരു എത്തിനോട്ടം മാത്രമേ ഉദ്ദേശിയ്ക്കുന്നുള്ളൂ ഞാന്‍.

വിഷയം ചിലപ്പോ  രസകരമാവില്ല  എന്ന് തോന്നാം. എന്നാല്‍  ഞാനിത് വായിച്ചനാള്‍ ഓര്‍ക്കുന്നു,  ഓരോ വാതിലും എത്ര ആകാംക്ഷയോടെയാണ് ഞാന്‍ തുറന്നു തുറന്ന്‍ പോയതെന്ന്.. !   കാരണം, തലച്ചോറിന്റെ ബോധതലവും അബോധതലവും...   ഓര്‍ത്താല്‍  കോമഡിയാണ്.

ഓരോ നിമിഷവും നമ്മുടെ ബോധതലം  അപഗ്രഥിയ്ക്കുന്ന വിവരങ്ങളുടെയും സൂചനകളുടേയും  ഇരുന്നൂറ് കോടി മടങ്ങ്‌ വിവരങ്ങളും സൂചനകളും നമ്മുടെ അബോധതലം അപഗ്രഥിയ്ക്കുന്നുണ്ട്.  ബോധതലത്തില്‍  സംഭവിയ്ക്കുന്നതിനക്കുറിച്ച് മാത്രമേ നമുക്ക്  ധാരണയുള്ളൂ  എന്നത് സത്യത്തില്‍ നിര്‍ഭാഗ്യകരമാണ്.   അതായത് ബോധതലത്തില്‍ നമ്മുടെ  അറിവോടെ ഓരോ വിവരവും സൂചനയും അപഗ്രഥിയ്ക്കപ്പെടുമ്പോള്‍ ,  അബോധതലത്തില്‍  നമ്മുടെ അറിവില്ലാതെ  ഇരുന്നൂറ് കോടി അധികവിവരങ്ങളും സൂചനകളും അപഗ്രഥിയ്ക്കപ്പെടുന്നു.

കിട്ടുന്ന വിവരങ്ങളില്‍ നമ്മള്‍ തള്ളേണ്ടതെന്ത്  കൊള്ളേണ്ടതെന്ത് എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ തലച്ചോറിലുള്ള  Reticular Activating System (RAS) എന്ന ഭാഗമാണ് . തലച്ചോറിന് താഴെയായി  മസ്തിഷ്കത്തിനും സുഷുംനയ്ക്കും ഇടയില്‍ കാണുന്ന നാഡീപഥങ്ങളുടെ ഒരു വലയമാണ് ഇത്.  കണ്ടതും കേട്ടതും അനുഭവിച്ചതുമായ സര്‍വ്വ കാര്യങ്ങളും ഇതിലൂടെ കടന്നുപോകുന്നതോടൊപ്പം ആ സൂചനകളെ അപഗ്രഥിയ്ക്കാനുള്ള  സന്ദേശവും തലച്ചോറിലേയ്ക്ക് അയയ്ക്കപ്പെടുന്നുണ്ട്.  അതോടോപ്പം  ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രത്യേകമൊരു സൂചനയും.  ഏത് ആരവത്തിനിടയിലും നമുക്ക് പ്രിയപ്പെട്ടവരുടെ സ്വരം തിരിച്ചറിയാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഈ RAS ന്റെ വികൃതിയാണ്.

എന്നാലിതിന്റെ ഏടാകൂടം എന്തെന്നുവച്ചാല്‍ RAS ലെ പ്രോഗ്രാമിംഗ് പൂര്‍ണ്ണമായും അബോധതലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അബോധമനസ്സിന് ബോധമില്ല എന്നത്  നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇപ്പൊ ,  'മാസം ഒരു അയ്യായിരം രൂപ കിട്ടിയെങ്കില്‍ മതിയായിരുന്നു , ഞാന്‍ സുഖമായി ജീവിച്ചേനെ '   എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന  ഒരാളുടെ മുന്നില്‍ അന്‍പതിനായിരം രൂപയുടെ അവസരം വന്നാല്‍ അയാളുടെ ശ്രദ്ധയിലത് പെടില്ല.  കാരണം, അയ്യായിരം രൂപ കിട്ടിയാല്‍ സുഖായി എന്നൊരു ഉറച്ച വിശ്വാസം അയാളില്‍ ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട സൂചനകള്‍ മാത്രമേ RAS  പരിഗണിയ്ക്കൂ.  അതുകൊണ്ട് അന്‍പതിനായിരം അയാളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

ഇനി ഞാന്‍ തുടങ്ങിയ കാര്യത്തിലേയ്ക്ക് വരാം.  ഏത് ചിന്തകളും ആവര്‍ത്തിയ്ക്കപ്പെട്ടാല്‍ അവ തലച്ചോറില്‍ നാഡീപഥങ്ങള്‍  സൃഷ്ടിയ്ക്കുകയും പിന്നീട് വിശ്വാസങ്ങളായി മാറുകയും ചെയ്യും.  അതുമായി ബന്ധപ്പെട്ട വിവരങ്ങളും സൂചനകളും ഈ RAS  ശേഖരിച്ച് ബോധമനസ്സിന് നല്‍കുകയും ചെയ്യും. തലച്ചോറിലേയ്ക്ക് സന്ദേശം ചെല്ലുന്നതനുസരിച്ച് മനസ്സിനെയും ശരീരത്തേയും അവ തയാറാക്കും. അബോധമനസ്സുമായി ബന്ധപ്പെട്ടാണ് ഈ മഹാന്‍ കിടക്കുന്നതെന്ന് പറഞ്ഞല്ലോ.. അബോധമനസ്സിന്  നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള ബോധമില്ല എന്നും പറഞ്ഞു.  എന്തിനെക്കുറിച്ചാണോ നമ്മള്‍ ആവര്‍ത്തിച്ച് ചിന്തിയ്ക്കുന്നത് , അത് നമുക്ക് വേണ്ടതാണെങ്കിലും  വേണ്ടാത്തതാണെങ്കിലും , അബോധമനസ്സും RAS ഉം ചേര്‍ന്ന് അത് നല്കിയിരിയ്ക്കും.  ഒന്നുകൂടി വിശദമായി പറഞ്ഞാല്‍,  അബോധമനസ്സുമായി സന്തുലനാവസ്ഥയില്‍ പ്രവര്‍ത്തിച്ച് ,  വിശ്വാസങ്ങളായി പതിഞ്ഞിട്ടുള്ള സ്വപ്നങ്ങളെ നേടിയെടുക്കാന്‍ വേണ്ട വിവരങ്ങളും സൂചനകളും നിരന്തരമായി തിരഞ്ഞു കണ്ടുപിടിച്ച് ബോധമനസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് , അതിനുവേണ്ട നടപടികള്‍ ബോധമനസ്സിനെക്കൊണ്ട്  എടുപ്പിയ്ക്കുന്നു ഈ ചങ്ങാതി .

നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കരുത് എന്ന് എപ്പോഴും ചിന്ടിച്ചുകൊണ്ടിരിയ്ക്കുന്ന  കാര്യങ്ങള്‍ സംഭവിചെന്നുവരുന്നത് ഇതുകൊണ്ടാണ്.  എന്തിനാണിങ്ങനെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്കുന്നത് ?  രോഗം, അപകടം ഇങ്ങനെ  പലതും അതിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടുതന്നെ വന്നുപെടുന്നുണ്ട്. വീട്ടിലാര്‍ക്കെങ്കിലും കാന്‍സര്‍ വന്നുവെന്നാല്‍ , ദൈവമേ കാന്‍സര്‍ എനിയ്ക്കും വരുമോ എന്തോ എന്ന് പേടിച്ച് പേടിച്ചിരിയ്ക്കുന്ന ആള്‍  ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന വാക്ക് കാന്‍സര്‍ എന്നുള്ളതാകും. അത് നമുക്ക്  വേണ്ടതാണോ വേണ്ടാത്തതാണോ എന്നതൊന്നും വിഷയമല്ല,  ആ വാക്ക് ഒരു സന്ദേശമായി തലച്ചോറിലേയ്ക്ക് പോകും.  ഉറപ്പായും  തലച്ചോര്‍ നമ്മളെ സഹായിയ്ക്കും.  കാന്‍സര്‍ സെല്ലുകള്‍ ശരീരത്ത് ഉത്തെജിയ്ക്കപ്പെടും. ബാക്കി ഊഹിയ്ക്കാം..   ചിക്കന്‍ പോക്സ് പിടിച്ചു കിടക്കുന്ന ആളെ കണ്ടു പേടിയ്ക്കരുത് എന്ന് കാര്‍ന്നോമ്മാര്‍ പറയുന്നത് ചുമ്മാതല്ല.  പേടിയില്ലാതെ അയാളെ അടുത്തു ചെന്ന് കാണുന്ന ആള്‍ക്ക് അത് വരാതിരിയ്ക്കുകയും അടുത്ത ചെല്ലാതെ പേടിച്ച് പിന്മാറുന്ന ആള്‍ക്ക് അത് വരികയും ചെയ്യുന്നത് ചുമ്മാതല്ല.  മണ്ഡലകാലത്തോ ദൂരയാത്രകളിലോ ആര്‍ത്തവം വരല്ലേ എന്ന് ടെന്‍ഷന്‍ അടിച്ചിരിയ്ക്കുംപോ ,  അത് നമ്മളെ പറ്റിച്ച് ഇങ്ങു വരുന്നത് ചുമ്മാതല്ല.  ഇതൊക്കെ നമ്മുടെ നിത്യജീവിതത്തില്‍ കാണുന്ന അനുഭവങ്ങളല്ലേ? 

ഇതുകൊണ്ടൊക്കെയാണ്‌ ഞാനെപ്പഴും പറയുന്നത് , മരണത്തെയും രോഗത്തെയും അപകടത്തെയുമൊന്നും  ക്ഷണിച്ചുവരുത്തല്ലേ എന്ന്.. ഇതുകൊണ്ടാണ് ഞാന്‍ എപ്പഴും പറയുന്നത്, നമ്മള്‍ എന്താഗ്രഹിയ്ക്കുന്നോ അതിനെക്കുറിച്ച് നിരന്തരം സ്വപ്നം കാണണം എന്ന് ..  എത്ര തീവ്രമായി സ്വപ്നം കാണുന്നോ അത്രയും വേഗത്തില്‍ നമ്മള്‍ സാക്ഷാത്കാരത്തിലെയ്ക്ക് എത്തുമെന്ന്..


10 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

ഇതുതന്നെയാവണം പൗലോ കൊയ്‌ലോ പറഞ്ഞ പ്രപഞ്ചത്തിന്റെ ഗൂഡാലോചന...
വിശ്വാസിക്ക് കിട്ടുന്ന പ്രാർത്ഥനാനുഭവവും മറ്റൊന്നും ആകാൻ തരമില്ല.
വിജ്ഞാനപ്രദം..
കൊള്ളാം...

മഹേഷ് മേനോൻ പറഞ്ഞു...

പുതിയ ഒരുപാട് അറിവുകൾ തന്ന ഒരു പോസ്റ്റ്

ഇങ്ങനെ നെഗറ്റിവിറ്റി അടിച്ചു അതിനെ വിളിച്ചുവരുത്തി ജീവിതം കോഞ്ഞാട്ട ആക്കണ്ട എന്ന് കരുതിയല്ലേ ഞാൻ എപ്പോഴും പുസ്തകങ്ങളെയും, മധുര പലഹാരങ്ങളെയും, ബ്ലോഗിൽ വന്നു ആളുകൾ കമന്റ് ചെയ്യുന്നതിനെയും ഒക്കെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നത് ;-)

Sivananda പറഞ്ഞു...

സന്തോഷം ഫ്രാന്‍സിസ് :)

Sivananda പറഞ്ഞു...

ഹ്ഹ അത് നല്ലതാ മഹി :)

സുധി അറയ്ക്കൽ പറഞ്ഞു...

ഹാ ഹാ ഹാ.മഹേഷേ.അത്‌ നല്ല കമന്റായിരുന്നു.ഇഷ്ടപ്പെട്ടു.

Sivananda പറഞ്ഞു...

ഹായ് സുധി :) ഒരുപാട് നാളായി കണ്ടിട്ട് .. സന്തോഷം.. :)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

എന്നിട്ടും ചിന്തിക്കേണ്ട എന്നു വിചാരിച്ച കാര്യങ്ങൾ തന്നെ ചിന്തിച്ചുപോകുന്നു...
തികച്ചും വിജ്ഞാനപ്രദമായ വിശേഷങ്ങൾ...

Sivananda പറഞ്ഞു...

@ആറങ്ങോട്ടുകര മുഹമ്മദ്‌ , സന്തോഷം സുഹൃത്തേ :)

അജ്ഞാതൻ പറഞ്ഞു...

നല്ല കുറെ വിവരങ്ങൾ. ഇനി പോസിറ്റീവ് ആവാം ട്ടാ ശിവാ.

Sivananda പറഞ്ഞു...

ആവാം :) സന്തോഷം ചങ്ങാതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .