2019, ജനുവരി 20, ഞായറാഴ്‌ച

ആരാധന !!!



ആരാധന !!!

മനുഷ്യനോട് ആരാധന ! അങ്ങനൊക്കെയുണ്ടോ? ആരാധന ദൈവത്തോടല്ലേ? മനുഷ്യനോടു സ്നേഹം ആകാം. ബഹുമാനവും ആകാം. മനുഷ്യനോടുള്ള ആരാധന എന്ന് പറയുന്നത് ഒതുതരം കാല്‍പനികതയാണ് എന്നാണു എനിയ്ക്ക് തോന്നിയിട്ടുള്ളത്. തൂലികയില്‍ നിറയുന്ന കാല്‍പനികത.. മനസ്സില്‍ നിറയുന്ന കാല്‍പനികത..

പലപ്പോഴും ആരാധന എന്ന് തെറ്റായി ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, എത്ര വലിയ നുണയാണ് ഞാന്‍ പറയുന്നതെന്ന്. ബഹുമാനത്തെയാണ് ആരാധന എന്ന് തെറ്റായി പലപ്പോഴും ഞാന്‍ പറഞ്ഞത്.

ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത എന്റെ സൌഹൃദങ്ങളിലും ആരാധനയില്ല.. സ്നേഹം, സൗഹൃദം, വാത്സല്യം .. ഇതിന്റെയൊക്കെ ഉപോല്‍പ്പന്നമായി ബഹുമാനം ഉണ്ടാവും. അല്ലാതെ ആരാധന എന്നൊരു സംഭവമേയില്ല എന്നാണു എന്റെ കാഴ്ചപ്പാട്. എല്ലാവരും എനിയ്ക്ക് മനുഷ്യരാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്‍ - അതാരുതന്നെയായാലും - എന്റെ ഭര്‍ത്താവായാലും എന്റെ കൂട്ടുകാരനായാലും അദ്ദേഹമെന്റെ അമ്മ മാത്രമല്ല, അച്ഛനും കൂടിയാവണം. അമ്മ തരുന്ന സ്നേഹവും അച്ഛന്‍ തരുന്ന സുരക്ഷിതത്വവും തരണം. അതുകൊണ്ടാണ് ഞാനിങ്ങനെ എഴുതിവച്ചത്...

'ഒരിയ്ക്കലെങ്കിലും
നിനക്കൊന്നെന്റെ അച്ഛനാവാമോ ?
ഒന്നിനുമല്ല ...
ഭയമാകുമ്പോള്‍ , നിന്റെ
നെഞ്ചിലെ സുരക്ഷിതത്വത്തില്‍
എനിയ്ക്കൊന്നു മുഖം പൂഴ്ത്താനാണ്..'

11 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

എഴുത്തു നന്നായി

Sivananda പറഞ്ഞു...

സന്തോഷം സജി :)

വെറുതെ...വെറും വെറുതെ ! പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വെറുതെ...വെറും വെറുതെ ! പറഞ്ഞു...

ശിവ, നല്ലെഴുത്ത് എന്നത്തേയും പോലെ.
പക്ഷെ ഒരു സംശയം. ശരിക്കും ആരാധനയും ബഹുമാനവും തമ്മിലുള്ള വ്യത്യാസം കൂടി ഒന്ന് പറഞ്ഞു തരാമോ

Sivananda പറഞ്ഞു...

സ്നേഹത്തിന്റെ ഉപോല്‍പ്പന്നമായി മാത്രം ഉണ്ടാകുന്നു സത്യസന്ധമായ ബഹുമാനം. ആരാധന മറ്റൊരു ഫീല്‍ ആണ്..തികച്ചും പൂജനീയം.ഈശ്വരനോട് തോന്നുന്നതുപോലെ.. അതൊരു മനുഷ്യനോടു തോന്നുന്നു എന്നതൊരു കാല്പനികതയല്ലേ എന്ന് എനിയ്ക്കൊരു സംശയം :)

Sivananda പറഞ്ഞു...

ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോപ്രജിത് :) സന്തോഷം

ഫ്രാന്‍സിസ് പറഞ്ഞു...

തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹവും ബഹുമാനവും അല്ലെ ആരാധന ! ചിലരോടെങ്കിലും അങ്ങനെ തോന്നിക്കൂടെ !
അതെങ്ങനെയും ആകട്ടെ .എഴുത്തിന്റെ സൗന്ദര്യം മുന്പന്നതുപോലെ മനോഹരം ആണ് ...

Sivananda പറഞ്ഞു...

സന്തോഷം ഫ്രാന്‍സിസ്.. അതും ശരിയാണ്. ഇതില്‍ പല അഭിപ്രായങ്ങലാണ്. എന്നാല്‍ എല്ലാം ശരിയുമാണ് :)))

അജ്ഞാതൻ പറഞ്ഞു...

ഹായ് ശിവ ... നന്നായിട്ടു എഴുതി ... മനുഷ്യൻ മനുഷ്യനെ ആരാധിക്കുകയല്ല സ്നേഹിക്കുകയാണ് വേണ്ടത് . സ്വന്തം പ്രവർത്തിയിലൂടെയും സ്വഭാവ ശുദ്ധിയിലൂടെയും പെരുമാറ്റത്തിലൂടെയും അവന്റെ എഴുത്തിലൂടെയും എല്ലാം സ്നേഹം നേടിയെടുക്കാൻ കഴിയും. എന്നാൽ ഞാൻ ഒരാളെ ആരാധിക്കുന്നു എന്ന് പറയുമ്പോൾ അവിടെ സ്നേഹം എന്നതിനേക്കാൾ ഉപരി മറ്റൊരാളിന്റെ സേവകൻ എന്ന നിലയിലേക്ക് മാറും . അവിടെ സ്നേഹം ഉണ്ടാവില്ല. ഭയവും ഭക്തിയും ബഹുമാനവും കൂടി ചേരുന്നത് അല്ലേ ആരാധന.....

അജ്ഞാതൻ പറഞ്ഞു...

കുറെ നാളുകൾക്കു ശേഷമാണ് ശിവയുടെ പോസ്റ്റ് വായിക്കാൻ എത്തിയത് . തിരക്ക് പിടിച്ച ജീവിതതിനു ഇടയിൽ വായനക്ക് ഒരു അവധി നൽകിയിരുന്നു . ബാക്കി പോസ്റ്റുകളും വായിക്കുന്നുണ്ട് . സുഖം തന്നെ എന്ന് വിശ്വസിക്കുന്നു

Sivananda പറഞ്ഞു...

ഹ ! ഒരുപാട് നാള്‍ കൂടി കണ്ടതില്‍ ഒത്തിരി സന്തോഷം ചങ്ങാതി..

പറഞ്ഞത് വളരെ സത്യം. ആരാധനയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .