2017, നവംബർ 14, ചൊവ്വാഴ്ച

ശിലാലിഖിതം (കഥ)


മഞ്ഞച്ചേല  ചന്തത്തിൽ  ഞൊറിഞ്ഞുടുക്കുമ്പോൾ  അവൾ  അതിലോലമായി  മന്ത്രിച്ചു...

"വയ്യ... എനിയ്ക്കു  വയ്യ..."

മനസ്സിൽ നിന്നും ചോര തൊട്ടെടുത്ത്  പൊട്ടു കുത്തിയാലോ!   വെയിലേറ്റ്  ചോരപ്പാടുകൾ  കറുക്കുമായിരിയ്ക്കും.   മുക്കുറ്റിച്ചാന്ത്  പോലെ. അത്  സാരല്യ ...  അവൾ ചിരിച്ചു.   

വാടിയ മനോഹരമായ ചിരി. അവൾക്കറിയില്ല  ഉച്ചിയിൽ വച്ച  കൈ   ആരുടേതെന്ന്.   ആരായാലും  വല്ലാത്തൊരു  ഐശ്വര്യം തന്നെ!   തന്റെ  പാപജാതകം  എഴുതിയതാരാണോ  ആവോ. 

ഇനിയുള്ള  സമയം  ഒരു  തിരിഞ്ഞുനടപ്പിന്റേതാക്കുവാൻ  അവൾ  ഇഷ്ടപ്പെട്ടു.   ഉച്ചവെയിൽ  താങ്ങുവാൻ  ഇന്ന്  കെൽപ്പുണ്ടാവുമോ ആവോ.  ക്ഷീണിതയാണ്.   മഞ്ഞച്ചേലയുടെ  ചുളിവ്  നിവർത്തുമ്പോൾ  അവളോർത്തു...   ചന്തമില്ലാത്തവൾ,  ദൈവം പോലും  കൈവിട്ടവൾ എന്നൊക്കെ പരിഹാസ്യയായപ്പോൾ  അടങ്ങാത്ത കാലസങ്കടമായിരുന്നു. സാരമില്ല.  ശൂന്യതയുടെ ജീവിതം തകിടം മറിഞ്ഞാലും നാളെയൊരുനാൾ  പ്രണയികൾ  എന്നെ ഓർക്കും.

 ഒരു  ക്ഷേത്രത്തിൽ  കയറാൻ പോലും അനുവാദമില്ലാത്ത വിധത്തിൽ  താൻ എങ്ങനെയാണ്  അധമയായതെന്ന്  എത്ര  ആലോചിച്ചിട്ടും  അവൾക്ക്  മനസ്സിലായില്ല.  ഏത്  ന്യായവിധിയാണ്  തന്നെ അധമയാക്കിയതെന്നും. ഭക്തിയുടെ  നിറവല്ലേ   ക്ഷേത്രപ്രവേശനത്തിനുള്ള   യോഗ്യത  എന്ന് ചോദിയ്ക്കാൻ ഭയമായതുകൊണ്ട്  ആ ചോദ്യം രഹസ്യമായി  മനസ്സിൽ  സൂക്ഷിച്ചു.  അതിന്  ദൈവം  ദേവാലയത്തിനുള്ളിലെ  സ്ഥിരതാമസക്കാരനാണെന്ന് ആര് പറഞ്ഞു എന്ന്  അവളുടെ വാടിയ  ചിരിയിലൊളിപ്പിച്ച  മൗനം  ചോദിച്ചു.

ഒരു  ഉന്നതകുലജാതനെ  പ്രണയിച്ചു  എന്ന  കാരണം  കൊണ്ടുമാത്രം  ഒരു  പെണ്ണ്  ധിക്കാരിയാകുമോ  എന്നവൾ  പേർത്തും പേർത്തും  ആലോചിച്ചു. പ്രണയിച്ചു   എന്നൊരു  തെറ്റേ  ചെയ്തുള്ളു. സ്വന്തമാക്കാൻ  ആഗ്രഹിച്ചില്ല.  നിശ്ചയമായും അതൊരു ആത്മബലിയായിരുന്നു.   
ഒരു  നോക്ക്  കൊണ്ടുപോലും  തൊട്ടു വിളിച്ചില്ല.  ഒരു വാക്ക്  കൊണ്ടുപോലും  വഴി മുടക്കിയില്ല.  ആത്മാവ്  ബലി  കൊടുക്കുമ്പോഴുള്ള  നോവിന്റെ  കൊത്തിപ്പറിയ്ക്കലിൽ  എരിയുമ്പോൾ  അനുഭൂതിയായിരുന്നു.  വല്ലാത്തൊരു  അനുഭൂതി.  എന്നിട്ടും  അധമയും  ധിക്കാരിയുമായി  പരിഹസിയ്ക്കപ്പെട്ടു .

പ്രണയം  അറിയിയ്ക്കാതിരുന്നത്  ആഗ്രഹമില്ലാഞ്ഞിട്ടല്ല.   അത്രയേറെ  സ്നേഹിച്ചതുകൊണ്ടാണ്.  തന്റെയൊരു നോക്കോ വാക്കോ പ്രവൃത്തിയോ  ആ  മനസ്സിൽ  വെറുപ്പും വേദനയും ഉണ്ടാക്കരുതെന്ന്   കരുതിയാണ്.   ഓരോ  ദിവസവും  പുലരുന്നത്  നെഞ്ചിനുള്ളിൽ  പൊതിഞ്ഞു വച്ചൊരു  സ്നേഹത്തുണ്ടുമായാണ്.   ആ  യാത്രാവഴിയിൽ  പാതിമറഞ്ഞുനിന്ന്  നോക്കുമ്പോൾ ബലി   കൊടുക്കപ്പെട്ട  അനേകം  പ്രണയികളുടെ ആത്മാക്കൾ   സാന്ത്വനമറിയിച്ചു.

ഇന്നലെ  അപ്രതീക്ഷിതമായി  മിഴികൾ  തമ്മിൽ  സന്ധിച്ചപ്പോൾ  ശരിയ്ക്കും സ്തംഭിച്ചുപോയിരുന്നു. നിൽക്കണോ അതോ  മരിച്ചുവീഴണോ  എന്നറിയാതെ  പകച്ചു. ആ കണ്ണുകളിലെ   തീക്ഷ്ണപ്രകാശത്തിലേക്ക്  നോക്കാനാവാതെ  മുഖം  കുനിഞ്ഞുപോയി.

"എന്നുമീ വഴിയിൽ കാണാറുണ്ട് ഞാൻ.   എന്നെയാണോ  കാത്തുനിൽക്കുന്നത്?"

ഒരു വാക്കും ഉരിയാടാനാവാതെ  വിയർത്തൊഴുകി.

"എന്തെ ? എന്നോടെന്തെങ്കിലും പറയാനുണ്ടോ?"

ദൈവമേ!   ഈ  നിമിഷം...  എന്നെ തീർത്തും  നിസ്സഹായയാക്കുന്ന  ഈ  നിമിഷം... ഇതെനിയ്ക്ക്  വേണ്ടിയിരുന്നില്ല.

"നിന്റെ  കുനിഞ്ഞ  മുഖവും, ആർദ്രമൗനവും, കണ്ണുകളിലെ അറിയാനോവിന്റെ  ചെറുതിരയിളക്കവും പറയുന്നു,   നീ  പ്രണയാതുരയാണെന്ന്. അതെന്നോടാണെന്നും."

അദ്ദേഹം ഒരുനിമിഷം  മറുപടിയ്ക്കു കാത്തു...

"ഇഷ്ടമാണ്  നിന്നെ എനിയ്ക്കും.  ഏറെ  ഇഷ്ടമാണ്.  പക്ഷേ  എന്താണ് ചെയ്യുക?  നമ്മളൊന്നിയ്ക്കാൻ  ശ്രമിച്ചാൽ  ഒരേസമയം വിജയികളും നിഷ്ക്കാസിതരുമാകും.  ധർമ്മം  തോറ്റുപോകും.  ധർമ്മം തോൽക്കുന്നിടത്ത്  നമുക്കെവിടെയാണ് ആനന്ദം? "

"അറിയാം"

ആദ്യമായി  അവളുടെ  മൗനമുടഞ്ഞു .   

"എനിയ്ക്കറിയാം  ദേവാ..  പ്രണയം വാങ്ങി ആഘോഷിയ്ക്കാനല്ല, പ്രണയം തന്ന് കൊഴിഞ്ഞുവീഴാനാണ്  ആശിച്ചത്.  സൂര്യനെ പ്രണയിച്ച മണ്ടി  എന്ന്  ലോകമെന്നെ പഴിച്ചോട്ടെ . സൂര്യകാന്തി  എന്ന് വിളിച്ചു  പരിഹസിച്ചോട്ടെ. അധമയെന്നും  അഹങ്കാരിയെന്നും  വിളിച്ചോട്ടെ. എന്നാലുമെനിയ്ക്കറിയാം,  എന്റെ  മരണഫലകത്തിൽ  കാലം  കൊത്തിവയ്ക്കും  പിടിച്ചടക്കുന്നതല്ല  വിട്ടുകൊടുക്കുന്നതാണ്  സ്നേഹമെന്ന്.  തലമുറകൾ   അതേറ്റു  ചൊല്ലും.  ഇതെന്റെ   മോക്ഷമാണ്. ഇനിയുമെനിയ്ക്ക്  ജനിയ്ക്കേണ്ടതില്ലല്ലോ  പ്രണയമറിയിയ്ക്കാൻ.   അങ്ങ്   പൊയ്ക്കൊള്ളൂ  സൂര്യദേവാ... ധർമ്മം  എന്നും  ജയിയ്ക്കട്ടെ"

"ആയിരം  സൂര്യശോഭയുള്ള നിന്റെയീ  മനസ്സിനെ വല്ലാതെ സ്നേഹിച്ചുപോകുന്നല്ലോ കുട്ടീ!  നീ അധമയല്ല,  വിശുദ്ധപുഷ്പമാണ്.  നീ സൂര്യകാന്തി തന്നെയാണ്!  അല്ല, അതിനും  മേലെ! സൂര്യനേക്കാൾ  കാന്തിയുള്ളവൾ."

പെട്ടെന്ന് അദ്ദേഹത്തിൻറെ ശബ്ദം മുറിഞ്ഞു...

സൂര്യമുഖം  ചുവന്നതും   പിന്നെ  മങ്ങിയതും നോവിന്റെ  തിരനോട്ടം  കൊണ്ട്   ഇരുണ്ടു പോയതും  സങ്കടത്തോടെ  കണ്ടുനിന്നു.  ആ  സ്വരം  നേർത്തുനേർത്ത്  പോകുന്നതും  ആ തേജോമയരൂപം  മറഞ്ഞു മറഞ്ഞു  പോകുന്നതും  എന്നത്തേയും പോലെ നടുക്കത്തോടെ  അന്നും  നോക്കിനിന്നു.

ഇന്ന്...  ഇന്ന് വല്ലാതെ ക്ഷീണിതയാണ്.   ഇരുൾപ്പക്ഷി ചിറകടിച്ച  കാറ്റിൽ   ജീവന്റെ  തുടിപ്പുകൾ ഒന്നൊന്നായി  അടർന്ന്  മണ്ണിൽ  വീഴുന്നത്  അവൾ  വേദനയോടെ  അറിഞ്ഞു.   പ്രാർത്ഥനയോടെ കണ്ണുകളടച്ചു. ദേവാ, അങ്ങൊരിയ്ക്കലും  വേദനിയ്ക്കല്ലേ...

അവസാനത്തെ  തുടിപ്പും  അടർന്നുവീഴുമ്പോൾ അവൾ പിറുപിറുത്തു...

" ഉറപ്പാണ്.  കാലം അതേറ്റുപറയും..."


                        





17 അഭിപ്രായ(ങ്ങള്‍):

nandu പറഞ്ഞു...

neela gagana vana veedhiyillnilpoo nishprabhanaay nin naarthan...

Sureshkumar Punjhayil പറഞ്ഞു...

Kavithayum....!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

നന്ദു..സന്തോഷം..

Sivananda പറഞ്ഞു...

സുരേഷ്.. സന്തോഷം..

Sivananda പറഞ്ഞു...

മഹാകവിയുടെ കവിതയല്ലേ.. തൊട്ടാല്‍ പൊള്ളുമല്ലോ എന്നോര്‍ത്ത് പേടിയായിരുന്നു. സൂര്യകാന്തി വായിച്ചപ്പോള്‍ മുതല്‍, വല്ലാത്തൊരു വേദനയായിരുന്നു. സൂര്യകാന്തിയുടെ വേദന എന്റെ മനസ്സിനെ നിരന്തരം കൊത്തിപ്പറിച്ചുകൊണ്ടിരുന്നു .. എഴുതാതെ വയ്യെന്ന് തോന്നി. അവസാനം രണ്ടും കല്‍പ്പിച്ച്, കവിയെ മനസ്സില്‍ തൊട്ടു തൊഴുത് , എന്റേതായ ഭാഷയിലും ശൈലിയിലും ഒന്നെഴുതിനോക്കി....

ഫ്രാന്‍സിസ് പറഞ്ഞു...

സൂര്യകാന്തിയുടെ നിശബ്ദ പ്രണയം ,അനുഭവിക്കുന്ന ആത്മ സംഘര്‍ഷം എല്ലാം ഹൃദയസ്പര്‍ശിയായി തന്നെ അവതരിപ്പിച്ചു.പ്രണയം മാത്രം എന്നതിനപ്പുരതെക്ക് സാമൂഹിക അസമാത്വത്തിലെക്കും അനാചാരങ്ങളിലെക്കും വശ്യമായ കീഴ്വഴക്കങ്ങളിലെക്കും വരെ ചെന്നെത്തുന്ന വീക്ഷണവും ഇതില്‍ കൊണ്ടുവന്നു എന്നത് അഭിനന്ദനാര്‍ഹമാണ്.

Sivananda പറഞ്ഞു...

നന്ദി ഫ്രാന്‍സിസ് .. സന്തോഷം. കവിയുടെ കവിത , പണ്ട് നമ്മള്‍ സ്കൂളില്‍ അര്‍ഥം പറയുന്നത്പോലെ എഴുതിയാല്‍ അതില്‍ എന്റെതായി ഒന്നുമുണ്ടാവില്ലല്ലോ.. അതിനു വേണ്ടിയാണ് ഞാന്‍ കുറച്ചു ഭാവനയും കുറച്ചു ആനുകലികസംഭവങ്ങളുമൊക്കെ ചേര്‍ത്തത്.. :)

അജ്ഞാതൻ പറഞ്ഞു...

സൂര്യ കാന്തി എന്ന കവിതയെ നന്നായി വ്യാഖ്യാനിച്ചു എഴുതി . ശരിയാണ് ചില പ്രണയങ്ങൾ ഇങ്ങനെ ആണ് . എന്റെ ഒരു സുഹൃത് ഉണ്ട് ഇതേ പോലെ ഒരു സൂര്യ കാന്തി . അവരുടെ പ്രണയങ്ങൾ പലപ്പോഴും എനിക്ക് ഇതേപോലെ തോനിയട്ടുണ്ട്‌.

" എനിയ്ക്കറിയാം ദേവാ.. പ്രണയം വാങ്ങി ആഘോഷിയ്ക്കാനല്ല , പ്രണയം തന്ന് കൊഴിഞ്ഞുവീഴാനാണ് ആശിച്ചത്. സൂര്യനെ പ്രണയിച്ച മണ്ടി എന്ന് ലോകമെന്നെ പഴിച്ചോട്ടെ .. സൂര്യകാന്തി എന്ന് വിളിച്ചു പരിഹസിച്ചോട്ടെ ... "

ഇതേ അവസ്ഥയിൽ ആണ് എന്റെ ആ സുഹൃത്തും . അവരുടെ പ്രണയവും ഇതേ പോലെ ആയി . ഈ രചന വായിച്ചപ്പോൾ എന്റെ ആ സുഹൃത്തിന്റെ ജീവിതം പെട്ടന്ന് ഓർത്തുപോയി .

"/പ്രണയം അറിയിയ്ക്കാതിരുന്നത് , ആഗ്രഹമില്ലാഞ്ഞിട്ടല്ല. അത്രയേറെ സ്നേഹിച്ചതുകൊണ്ടാണ്. തന്റെയൊരു നോക്കോ വാക്കോ പ്രവൃത്തിയോ ആ മനസ്സിൽ വെറുപ്പും വേദനയും ഉണ്ടാക്കരുതെന്ന് കരുതിയാണ് ./"

എന്റെ സുഹൃത് ചെയ്ത തെറ്റും ഇതാണ് . പറയണ്ട സമയത്തു പ്രണയം തുറന്നു പറഞ്ഞില്ല . പിന്നെ ജീവിത കാലം മുഴുവൻ സൂര്യ കാന്തി ആയി ജീവിക്കേണ്ടി അവരും എന്ന് അവർ ഓർത്തു കാണില്ല .

നല്ല രചന ശിവ ... വീണ്ടും ഇതേ പോലെ സുന്ദരമായ രചനകൾ പ്രതീക്ഷിക്കുന്നു

Sivananda പറഞ്ഞു...

നന്ദി അജ്ഞാതാ .. അജ്ഞാതന്റെ സുഹൃത്ത് പാവം.. ല്ലേ? :)

Sivananda പറഞ്ഞു...

ചില പ്രണയങ്ങള്‍ അങ്ങനെയാണ്.. ഇങ്ങനെ ഓര്‍ത്ത്‌ നോവാന്‍ ചില പ്രണയങ്ങള്‍.. ആ നോവും ചിലപ്പോ ഒരു നിര്‍വൃതിയാകുമായിരിയ്ക്കും.. അല്ലെ അജ്ഞാതാ ? നന്ദി സുഹൃത്തേ..

അജ്ഞാതൻ പറഞ്ഞു...

എന്റെ ആ സുഹൃത്തുക്കൾ പാവങ്ങൾ ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല . എന്നാൽ ഇന്നും അവരുടെ ഇടയിൽ ആ പ്രണയം ഉണ്ട് എന്ന സത്യം എനിക്ക് അറിയാം . അവരുടെ ഓരോ വാക്കുകളിലും അത് പ്രതിഫലിക്കുന്നുണ്ട് .

അജ്ഞാതൻ പറഞ്ഞു...

പ്രണയത്തിന്റെ നോവ് അത് സുഖമുള്ള ഒരു അനുഭൂതി ആണ് . അതിനു പകരം വെക്കാൻ എന്താണ് ഉള്ളത് . വിവാഹം കഴിക്കാതെ എന്നും നിൽക്കുന്ന പ്രണയങ്ങൾക്കു ആണ് ത്രില്ല് കൂടുതൽ എന്ന് അവർ പറഞ്ഞു അറിയാം . ശരിയാരിക്കാം അല്ലെ .

Sivananda പറഞ്ഞു...

ആയിരിയ്ക്കും.. ഹ്ഹ്ഹ അല്ലെങ്കില്‍ അവര്‍ അങ്ങനെ പറയില്ലല്ലോ...

അജ്ഞാതൻ പറഞ്ഞു...

എന്താണ് താങ്കളുടെ ഈ വിഷയത്തിൽ ഉള്ള അഭിപ്രായം . ഇങ്ങനെ പ്രണയിക്കുന്നത് ശരിയാണ് എന്ന് ഉണ്ടോ ?

Sivananda പറഞ്ഞു...

അതൊക്കെ വൈയ്യക്തികമാണ് സുഹൃത്തേ.. തന്നെയല്ല, ഇതൊന്നും അങ്ങനെയൊരു പൊതുചര്‍ച്ച ആക്കേണ്ട വിഷയങ്ങള്‍ അല്ലല്ലോ.. :)

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

പ്രണയം വാങ്ങി ആഘോഷിയ്ക്കാനല്ല , പ്രണയം തന്ന് കൊഴിഞ്ഞുവീഴാനാണ് ആശിച്ചത്

നന്നായി പറഞ്ഞു

Sivananda പറഞ്ഞു...

നന്ദി ബിജു.. സന്തോഷം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .