2017, ഏപ്രിൽ 12, ബുധനാഴ്‌ച

ചെന്താമരക്കണ്ണൻ കരഞ്ഞുവോ ?

                          ചെന്താമരക്കണ്ണൻ  കരഞ്ഞുവോ ?
                          ------------------------------------------------------------


തങ്ങളുടെ  പ്രണയസങ്കൽപം  കൃഷ്ണൻ ആണെന്ന് പലരും പറയുമ്പോഴും , എന്റെ പ്രണയസങ്കല്പം  ശിവൻ (സാക്ഷാൽ മഹാദേവൻ )ആയത് കൊണ്ട് ,  ശിവൻ   പലപ്പോഴും  എന്റെ ചിന്താവിഷയമായിരുന്നു.  


പാരുഷ്യത്തിന്റെ   സൗന്ദര്യമാവാം .. അല്ലെങ്കിൽ   ലാളിത്യത്തിന്റെ   ആകർഷണീയതയാവാം ..  അതുമല്ലെങ്കിൽ , പൊട്ടിത്തെറിയ്ക്കുന്ന   അഗ്നിപർവ്വതം  കണക്കെയുള്ള   പ്രണയ സംരക്ഷണമാവാം  മഹാദേവൻ  എനിയ്ക്ക്   പ്രിയപ്പെട്ടവനാവാൻ   കാരണമായത് .    ശിവനെ   ദക്ഷൻ   അപമാനിച്ചത്   സഹിയ്ക്കാനാവാതെ ,   സതി  യാഗാഗ്നിയിൽ   ആത്മാഹൂതി   ചെയ്തതും ,   സതിയുടെ  വിയോഗത്തിൽ  മനം നൊന്ത  മഹാദേവൻ ,  ക്രോധാഗ്നിയിൽ   കത്തിയാളി  ദക്ഷനെ  വധിച്ചതുമായ   കഥകൾ  , ഒരു  ഉൾക്കുളിരോടെയല്ലാതെ  ഓർത്തെടുക്കാനാവില്ല..


(ഞാനൊരു   ശിവഭക്തയാണ് .   ഭക്തിയേക്കാളുപരി ,   കഥകളിലൂടെയും   മിത്തുകളിലൂടെയും   അവരുണ്ടാക്കിയെടുക്കുന്ന   വ്യക്തിത്വമാണ്  എന്നെ  ദൈവത്തോട്   അടുപ്പിയ്ക്കുന്നത് ..)


മഹാഭാരതത്തിൽ ,   കർണ്ണനെ ഞാൻ ഏറ്റവും കൂടുതൽ  ഇഷ്ടപ്പെട്ടതുകൊണ്ട് ,  കർണ്ണനും എന്റെ ചിന്താവിഷയമായിരുന്നു .



ഒരുപാട്   അവഗണനയും   അപമാനവും   സഹിച്ച , അഭിമാനിയും തന്റേടിയുമായ   കഥാപാത്രമാണ്  കർണ്ണൻ .   സമർത്ഥനും .   ഉലയിൽ  ഉരുക്കിത്തെളിച്ച   വെട്ടിരുമ്പ്   പോലൊരു   കഥാപാത്രം .    ആ  നോവിന്റെ   കാഠിന്യമാണോ   കർണ്ണനെന്ന   കഥാപാത്രത്തിൽ   എന്റെ  മനസ്സിനെ   തളച്ചിട്ടത് ?   അറിയില്ല. 


രാമായണത്തിൽ ,   ഊർമ്മിളയെ   ഞാൻ  ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് ,  ഊർമ്മിളയും  ചിന്താവിഷയമായി .


 (ഒരു വാക്കുമുരിയാടാതെ 
ചിത്രത്തൂണിൽച്ചാരി-
ക്കണ്ണീരണിഞ്ഞു നിന്ന 
ദേവി ഊർമ്മിളയെ -
ത്തിരിഞ്ഞൊന്നു നോക്കീടാതെ 
ജ്യേഷ്ഠപാദമനുഗമിച്ച 
ദേവാ , ലക്ഷ്മണാ ...
അങ്ങെത്ര ജന്മമീശനോട് കേണു ,
ഊർമ്മിളയെ  വരമായ്ക്കിട്ടുവാൻ ?
"അരുതെ" ന്നൊരു  വാക്കുരിയാടിയെങ്കിൽ 
രാമായണത്തിന്റെ ഗതിവിഗതികൾ തന്നെ 
മാറുമായിരുന്നെന്നിരിയ്ക്കേ ,
ദേവീ,  അവിടുന്ന്   ചെയ്തതെത്രയോ ത്യാഗം !
"സ്വന്തമാക്കുന്നതല്ല , സ്വതന്ത്രമാക്കുന്നതാണ് 
സ്നേഹ "  മെന്നവിടുന്നന്നേ അറിഞ്ഞിരുന്നോ? )



എന്നാൽ , കൃഷ്ണൻ.. 


തീരെ ചെറുതായിരിയ്ക്കുമ്പോൾ  മുതൽ  എന്നെ അലട്ടിയ ഒരു  ചോദ്യമുണ്ട്.  കൃത്യമായി പറഞ്ഞാൽ,   "ധീരനായ ചെന്താമരക്കണ്ണനുണ്ടോ  കരഞ്ഞിട്ടുളളൂ .."    എന്ന്  വായിച്ചു പഠിച്ചതുമുതൽ.   


സത്യത്തിൽ  ചെന്താമരക്കണ്ണൻ  കരഞ്ഞില്ല  എന്നാണോ?  എപ്പോഴും  എനിയ്ക്ക് തോന്നിയത് ,   ചിരിയ്ക്കുകയും ചിരിപ്പിയ്ക്കുകയും,  ഉപദേശിയ്ക്കുകയും,  സങ്കടങ്ങളിൽ താങ്ങാവുകയും ചെയ്യുമ്പോഴും  എല്ലാത്തിനും പിന്നിൽ അല്പം കണ്ണുനീർ ഒളിച്ചുവച്ചിരുന്നില്ലേ നമ്മുടെ കൃഷ്ണൻ ,  എന്നാണ്.


തടവറയിൽ  ജനിയ്ക്കുക എന്നത്  സന്തോഷമുള്ളൊരു കാര്യമാണോ?  സഹോദരിമാർ,  ജനിച്ച നിമിഷം തന്നെ  കൊല്ലപ്പെടുന്നത് സന്തോഷമുള്ളൊരു  കാര്യമാണോ ?  ജനിച്ചു  നിമിഷങ്ങൾക്കകം , സ്വന്തം അമ്മാവനെ ഭയന്ന്  ,  കൃഷ്ണന് , രായ്ക്കു രാമാനം  പലായനം നടത്തേണ്ടി വന്നത്  സന്തോഷമാണോ?    പെരും മഴയത്ത്  ഓളപ്പാത്തിയിൽ  ഒഴുകിനടന്ന  ആ കുഞ്ഞിനെ ഓർക്കുമ്പോൾ ,    എന്നിലെ അമ്മയ്ക്ക് പോലും  നോവുന്നുണ്ട്.  


ഈ  കൊടിയ  ദുരന്തങ്ങൾ  കൃഷ്ണൻ അറിയാതെ വരില്ലല്ലോ..  ഓർക്കാൻ സുഖമുള്ള എന്ത് കാര്യമുണ്ട്   നമ്മുടെ  പാവം  കൃഷ്ണന് ?  യുവാവായതിന്   ശേഷവും ഒരുപാട് ആരോപണങ്ങൾ കേട്ടു  കൃഷ്ണൻ.   


എന്തിനാണ്  പൂവാലന്മാരെ  കൃഷ്ണനോട്  ഉപമിയ്ക്കുന്നത്  എന്ന്  ഞാനെപ്പോഴും ആലോചിച്ചുനോക്കും.  അദ്ദേഹത്തിന്  ആകർഷണീയമായ  സൗന്ദര്യമുണ്ടായത്  അദ്ദേഹത്തിൻറെ കുറ്റമല്ലല്ലോ..  അസുരരാജന്റെ തടവറയിൽ കിടന്ന  സ്ത്രീകളെ രക്ഷിച്ച വകയിലും കിട്ടി  കുറെ  ആരോപണസമ്മാനങ്ങൾ.. 


മറ്റൊരു  പുരുഷന്റെ തടവറയിൽ കിടന്ന  സ്ത്രീകളെ  ചീത്തയായി  മുദ്ര കുത്തി ,   അവരെ ഏൽക്കാൻ ബന്ധുക്കളോ സമൂഹമോ തയ്യാറാകാതിരുന്നപ്പോൾ ,  അവർക്ക് അഭയം  കൊടുത്തതോ  കൃഷ്ണൻ ചെയ്ത തെറ്റ് ?   


ഇതൊക്കെ  എന്നെ എപ്പോഴും  അലട്ടിയിട്ടുള്ള  ചിന്തകളാണ്.   ചിലപ്പോൾ എന്റെ ചിന്തകളുടെ വൈകല്യമാകാം ഇത്.  അറിയില്ല.   


ചിരിയുടെ   പുതപ്പെടുത്ത്   തലവഴി   മൂടിപ്പുതച്ച് ,  അതിനുള്ളിലെ   ഏകാന്തതയിലും   ഇരുട്ടിലും   ആരുമറിയാതെ   കണ്ണീർ   വാർക്കുന്ന  എത്രയോ  ജന്മങ്ങൾ ..  ആരറിഞ്ഞു  അത് ?     ചിരിച്ചും  ചിരിപ്പിച്ചും  വശം കെടുമ്പോൾ ,    ഇത്തിരി നേരം  ആരും കാണാതൊന്ന്  കരയാനിത്തിരി   ഏകാന്തത  തേടുന്ന  എത്രയോ  ജന്മങ്ങൾ...  ആര്  കണ്ടു  അത് ?


ചെന്താമരക്കണ്ണൻ   കരഞ്ഞില്ലപോലും...  കഷ്ടം...



9 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

(Y)

സുധി അറയ്ക്കൽ പറഞ്ഞു...

ശ്ശോ.ഇത്തവണ കടുത്ത ചിന്തകളായിപ്പോയല്ലോ..

'കർണ്ണൻ' വായിച്ചതിൽപ്പിന്നെ എനിയ്ക്ക്‌ ഇതിഹാസകഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം കർണ്ണനേയാണു.ആരാധനമൂത്ത്‌ ഞാൻ കർണ്ണന്റെ ഒരു പടം വരച്ചു വെച്ചിരുന്നു.അതിനി നോക്കിയെടുക്കട്ടെ.

Sivananda പറഞ്ഞു...

ഹ്ഹ , നന്ദി സുധി.. കര്‍ണ്ണനെ വേഗം നോക്കിയെടുത്തോ...

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

കര്‍ണ്ണനും ശിവനും അവഗണനയുടെയും പ്രണയത്തിന്റെയും സഹനത്തിന്റെയും പുരുഷത്വ ചിന്തകളുടെയും പ്രതീകങ്ങളായി ഒരുപാട് കാലങ്ങളായി കൈമാറി വരുന്ന സങ്കല്പ പ്രതീകങ്ങള്‍ ആണ് . അതുപോലെ തന്നെ കൃഷ്ണനും . ഉള്ളില്‍ ഒരായിരം സങ്കടങ്ങള്‍ ഉള്ളപ്പോഴും ചിരിക്കാന്‍ കഴിഞ്ഞതാണ് കൃഷ്ണന്റെ വിജയം എന്ന് ആ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു . കാമിനിമാരെ സന്തോഷിപ്പിക്കുക വഴി തന്റെ ദുഖങ്ങളെ മറക്കാന്‍ കഴിഞ്ഞിരുന്നോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ഒരു മറയാകണം അതു.. . ശിവാനന്ദയെയോ അതുപോലെ അനപത്യദുഃഖം പേറുന്ന ഒട്ടനവധിപേരിലുമോ അതുകൊണ്ടുതന്നെ ഈ പ്രതീകങ്ങളെ നെഞ്ചോട്‌ ചേര്‍ക്കുന്ന കാഴ്ച കണ്ടിട്ടുണ്ട്. ഇത് സ്വാഭാവികമായ ഒരു ജൈവികപ്രതിപ്രവര്‍ത്തനം മാത്രമായി അനുഭവപ്പെടുകയും ചെയ്യുന്നു. നന്നായി പറഞ്ഞു ആശംസകള്‍

Sivananda പറഞ്ഞു...

നന്ദി ബിജു... സന്തോഷം..

R N Kurup (Unni) പറഞ്ഞു...

എനിക്ക് ശിവന്റെ പൗരുഷവും തന്റേടവും കൃഷ്ണന്റെ സ്നേഹവും കരുതലും കുസൃതികളും ഒരേപോലെ ഇഷ്ടമാണ് ... നല്ല രചന ശിവ.

ഫ്രാന്‍സിസ് പറഞ്ഞു...

kadhakaliloode mathrame njan tagorine arijirunnullo... ee ariukalku ulla nandi ariyikkunnu. nalla reethi.. (Y)

Sivananda പറഞ്ഞു...

thank u unni.. :)

Sivananda പറഞ്ഞു...

:) :) :) thank u unknown friend...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .