2018 ഏപ്രിൽ 25, ബുധനാഴ്‌ച

ചോദിയ്ക്കാത്ത ചോദ്യങ്ങള്‍ .( നുറുങ്ങു കഥ )

4 അഭിപ്രായ(ങ്ങള്‍)

നിന്നോടെനിയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിയ്ക്കാനുണ്ട്. പക്ഷെ ഒന്നുപോലും ഞാന്‍ ചോദിയ്ക്കുന്നില്ല. കാരണം, എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നുകില്‍ നീ ഒഴിഞ്ഞുമാറും . അല്ലെങ്കില്‍ ഉത്തരമില്ലാതെ നില്‍ക്കും. രണ്ടായാലും അത് നിന്റെ തോല്‍വിയാണ് . നീ തോല്‍ക്കുന്നത് എനിയ്ക്കിഷ്ടമല്ല. അതുകൊണ്ട് നനുത്തൊരു ചിരിയില്‍ ചോദ്യങ്ങളെല്ലാം കൂട്ടിക്കുഴച്ച് ശൂന്യതയിലേയ്ക്ക് ഞാന്‍ ഞൊടിച്ചെറിയുമ്പോള്‍ ... അവിടെ നീ ജയിയ്ക്കുന്നു.. നമ്മുടെ സ്നേഹവും.

പക്ഷേ എനിയ്ക്കെല്ലാം മനസ്സിലാവും. മനസ്സിലാകുമെന്ന് നിനക്കറിയാം. നിനക്കറിയാമെന്ന് എനിയ്ക്കും അറിയാം. പരസ്പരമുള്ള ഈ അറിവാണ് നമ്മുടെ സ്നേഹത്തെ നിലനിര്‍ത്തുന്നത്. സത്യമായും അതങ്ങനെ തന്നെയാണ്. കാരണം, മനസ്സിന്റെ ഇരുള്‍ വരാന്തയില്‍ നീ തനിച്ചിരിയ്ക്കുന്നു എന്നെനിയ്ക്ക് തോന്നിയാല്‍ , ഓടിവന്ന്‍ നിന്നെ നെഞ്ചോട് ചേര്‍ത്തണച്ച് "ഞാനുണ്ട് " എന്ന് പറയാതെ വയ്യല്ലോ എനിയ്ക്ക്.... കണ്ണാ ! നമ്മുടെ സ്നേഹം ജയിയ്ക്കുകയാണ് !!

2018 ഏപ്രിൽ 5, വ്യാഴാഴ്‌ച

കാലഘട്ടത്തിന്റെ ആശകള്‍..

8 അഭിപ്രായ(ങ്ങള്‍)

കാലഘട്ടത്തിന്‍റെയാശകള്‍...... ഒരിടത്തൊരു കൊച്ചു കുഞ്ഞ്...
വല്യ വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. അടുക്കളയിലെന്നും തിരക്ക്.. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും... പയര്‍ കൊടി, മുരിങ്ങയില തോരന്‍..
എന്നിട്ടുമാ കുരുന്നിന് കൊടും പട്ടിണി..! കുഞ്ഞു വയറ് നിറഞ്ഞതേയില്ല. നക്ഷത്രക്കണ്ണ്‍ നിറഞ്ഞു താനും...

ആ പാവം കുരുന്നിത്രയുമാശിച്ചു... ' വയറ് നിറച്ച് മാമുണ്ണണം....'
ആരോട് പറയുമെന്നറിഞ്ഞില്ല പാവം... അമ്മ ജോലിയ്ക്ക് പോയി.. അച്ഛന്‍ ജോലിയ്ക്ക് പോയി... ശേഷക്കാരോരുപാട്.... ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ്‍ ' എന്നാരും പറഞ്ഞില്ല..

കാലഘട്ടത്തിന്റെയാശകള്‍... പിന്നെയവര്‍ നേരെ വാടകവീട്ടിലെയ്ക്ക് .. ചാണകത്തറയുള്ള കുഞ്ഞു വീട്...
പത്തായമില്ല, നിലവറയില്ല , പക്ഷെ അവളാശ തീര്‍ത്ത് മാമുണ്ടൂ.....
ഇത്തിരി വളര്‍ന്നപ്പോളവള്‍ക്ക് വീണ്ടുമാശ...വാടകയില്ലാത്ത വീട് ... 'കളര്‍ ലൈറ്റുള്ള' വീട്...

കാലഘട്ടത്തിന്‍റെയാശ...

അച്ഛന്‍ പുതിയ വീട് പണിതു.. കളര്‍ പിഞ്ഞാണമുള്ള ലൈറ്റുമിട്ടൂ..
ആശ തീര്‍ന്നില്ല കുഞ്ഞിന്... വണ്ടിയോടിയ്ക്കണം ..!

കാലഘട്ടത്തിന്‍റെയാശ.....

കുഞ്ഞ് വലുതായപ്പോ വണ്ടിയോടിച്ചു.. വലുതാകുന്തോറുമാശകള്‍ വലുതായി... കാലഘട്ടത്തിന്‍റെയാശകളല്ലേ , സാധിയ്ക്കാതെ പറ്റില്ലല്ലോ... ഒക്കെ കഴിഞ്ഞപ്പോളവളാശിച്ചു.. ' എനിയ്ക്കൊരു കുഞ്ഞു മുറിയുമൊരു തുണ്ട് കടലാസും ഒരു പേനയും മൊട്ട വിളക്കും മതി..

വിളക്കില്ലെലൊരു തുണ്ട് നിലാവായാലും മതി.....!'

"തിന്ന് എല്ലിന്‍റെടെല് കുത്തീട്ടാണ് " എന്ന് പറഞ്ഞു കൂട്ടുകാരി....:)

പക്ഷെ...അവള്‍ എന്നേ മനസ്സിലാക്കി...! സുഖമല്ല സന്തോഷമെന്ന്.... സന്തോഷമാണ് സുഖമെന്ന്...

2018 ഏപ്രിൽ 4, ബുധനാഴ്‌ച

ഇനിയും കണ്ണുനീരോ !!! (നുറുങ്ങുകഥ ).

2 അഭിപ്രായ(ങ്ങള്‍)

ഇരുള്‍പ്പക്ഷിയുടെ മുറിച്ചിറകില്‍ മുഖമൊളിച്ച് ആരും കാണാതെ കരഞ്ഞ അമ്മയെ നോക്കി മകന്‍ അതിശയിച്ചു.. ! അമ്മയുടെ വഴിവിളക്ക് തട്ടിയെറിഞ്ഞ അച്ഛനെ മകന്‍ അതിശയത്തോടെ ഓര്‍ത്തു. അവന്‍ ചോദിച്ചു അതിശയത്തോടെ..

" അച്ഛനെ ഓര്‍ത്ത് കരയാന്‍ അമ്മയ്ക്കിനിയും കണ്ണുനീരോ ? !!!!!! "
പക്ഷെ അതുകേട്ട് അമ്മയ്ക്ക് ഒട്ടും അതിശയം തോന്നിയില്ല. അവര്‍ മെല്ലെ ചിരിച്ചു... അല്ലെങ്കിലും അമ്മയെ ആരറിഞ്ഞു.. എന്നവര്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു..

2018 മാർച്ച് 27, ചൊവ്വാഴ്ച

പച്ച വെളിച്ചം .

15 അഭിപ്രായ(ങ്ങള്‍)
ഏകാന്തതയുടെ ഇരുണ്ട മൂലകളിൽ തെളിഞ്ഞ പച്ച വെളിച്ചത്തെ അവൾ സ്നേഹിയ്ക്കാൻ തുടങ്ങിയത് ആരുമറിഞ്ഞില്ല....

 പക്ഷെ അവൾക്കറിയാമായിരുന്നു ,  തോന്നുമ്പോൾ തെളിയുകയും കെടുകയും  ചെയ്യുന്ന ഒരു മായാവെളിച്ചം മാത്രമാണ് അതെന്നും  അതിന് പിന്നിൽ ഇരുട്ടാണ് എന്നും .  എന്നിട്ടും അതിനെ അവൾ സ്നേഹിച്ചത് ,   ആ വെളിച്ചം കൊണ്ട് അവളുടെ ആകാശത്ത്  ആയിരം  സൂര്യചന്ദ്രന്മാരെ  സൃഷ്ടിയ്ക്കാം എന്ന് കരുതിയല്ല.    ആ തിളക്കത്തിന് അവൾ പകർന്ന സ്നേഹത്തിന്റെ അഗാധതയുണ്ടായിരുന്നു.  ആ അഗാധതയിൽ   അവളുടെ  നോവുകളെ ഒന്ന് പകർന്നു വയ്ക്കാനായിരുന്നു.  അതിന്റെ  തോളിൽ അവളുടെ മനസ്സൊന്നു ചാരിവയ്ക്കാനായിരുന്നു.  

ജീവിതം അവൾക്ക് നേരെ പല്ലിളിച്ച് പരിഹസിച്ചപ്പോൾ  രൂപം  കൊണ്ട   ദയനീയമായൊരു  നിസ്സംഗതയിൽ നിന്നും പിറവിയെടുത്തതായിരുന്നു  ആ  പച്ചവെളിച്ചം.  

ഓരോ  തവണയും കെട്ടുപോകുന്ന പച്ചവെളിച്ചത്തെ നോക്കി അവൾ ആത്മനിന്ദയോടെ  ചിരിച്ചത്  ആരുമറിഞ്ഞില്ല.  പക്ഷേ ...  അവൾക്കെല്ലാം അറിയാമായിരുന്നു. 

2018 മാർച്ച് 22, വ്യാഴാഴ്‌ച

ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിനന്ദനം..

12 അഭിപ്രായ(ങ്ങള്‍)


ഓരോ രചനകളുടേയും  സൃഷ്ടിയ്ക്ക് മുൻപ്  അതിനുള്ളൊരു മനസ്സുരുക്കവും മനസ്സൊരുക്കവും ഉണ്ട്.  ഒടുവിൽ  അക്ഷരം ജനിയ്ക്കുന്ന നോവും നിർവൃതിയും നിറഞ്ഞൊരു  പുണ്യമുഹൂർത്തമുണ്ട്. അതനുഭവിയ്ക്കുന്ന എഴുത്തുകാരന്റെ പ്രാണസങ്കടവും  ആനന്ദവും  വായനക്കാർക്ക് ചിലപ്പോൾ മനസ്സിലാവാം  ,   ചിലപ്പോൾ  മനസ്സിലാവാതിരിയ്ക്കാം.  അവരുടെ സ്വന്തം ഇഷ്ടപ്രകാരം അതിനെ വ്യാഖ്യാനിയ്ക്കുകയും ആവാം. അത് വായനക്കാരുടെ അവകാശമാണ്.

എന്നാൽ  മനസ്സിന്റെ ഉലയിൽക്കിടന്ന്  ഉരുകിത്തെളിഞ്ഞ്  പുറത്തുവരുന്ന അക്ഷരങ്ങളിൽ പടർന്ന ആത്മാവിന്റെ ചോരത്തുള്ളികൾ  അപമാനിയ്ക്കപ്പെടുന്നത്  നെഞ്ച് ഉരുക്കുന്ന സങ്കടമാണ്.   അങ്ങനെ ചെയ്യരുത് എന്ന് വിളിച്ചുപറയാൻ ആർജ്ജവം  കാണിച്ച  പ്രിയപ്പെട്ട  എഴുത്തുകാരാ  !  അങ്ങേയ്ക്ക് ഒരുകോടി നമസ്ക്കാരം !


മലയാളമേ ! വന്ദനം !!

18 അഭിപ്രായ(ങ്ങള്‍)
ഇന്നത്തെ സാമൂഹികചുറ്റുപാടുകളോട് ചേർത്തു വായിയ്ക്കേണ്ട ഒരു അനുഭവസാക്ഷ്യത്തിൽ നിന്നും തുടങ്ങാം...

ജി. ശങ്കരക്കുറുപ്പ് ന്റെ  'സൂര്യകാന്തി '   എന്ന കവിത ഞാനെന്റെ മകനെ പഠിപ്പിച്ചു. അവൻ അത് സ്‌കൂളിൽച്ചൊല്ലി  ഒന്നാം സമ്മാനം നേടി.  ശേഷം അവന്റെയൊരു  സുഹൃത്തിന്റെ അമ്മ  എന്നോട് പറഞ്ഞു,  അവരുടെ കുട്ടിയേയും ആ കവിത പഠിപ്പിയ്ക്കണം എന്ന്.  

ഞാൻ യുവജനോത്സവവേദികളിൽ മത്സരിയ്ക്കുന്ന കാലത്ത് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു,  'ഇത് കലയാണ്, അതിൽ പകയോ വൈരാഗ്യമോ സ്വാർത്ഥതയോ  പാടില്ല '  എന്ന്.. ഞാൻ അതെന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു.

ആ കുട്ടിയെ ഞാൻ കവിത പഠിപ്പിച്ചു.  എത്ര പറഞ്ഞുകൊടുത്തിട്ടും  മനസ്സിലാവാതെ ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തി, പദം  മുറിച്ചു ചൊല്ലി .. ആ അമ്മയോട് അത്  ശ്രദ്ധിയ്ക്കണം എന്ന് ഞാൻ പറയുകയും ചെയ്തു.  

അടുത്തൊരു  വേദിയിൽ മത്സരിയ്ക്കുന്നു രണ്ടുപേരും.  ഒരേ കവിത , ഒരേവേദിയിൽ.  അവിടെയും ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തിയും പദം  മുറിച്ചു ചൊല്ലിയും കവിതയുടെ വൃത്തം തന്നെ മാറ്റിക്കളഞ്ഞു.  ജഡ്ജസിന്റെ കൂട്ടത്തിൽ ആ അമ്മയുടെ സുഹൃത്തുക്കൾ രണ്ടു പേരുണ്ടായിരുന്നു.  എന്തായാലും ആ കുട്ടിയ്ക്ക് ഒന്നാം സമ്മാനവും എന്റെ മകന് രണ്ടാം സമ്മാനവും കിട്ടി.  അവരുടെ സ്വഭാവം എനിയ്ക്കറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. 

പിന്നീട് മറ്റൊരു വേദിയിൽ മത്സരം .  അന്ന് ജഡ്ജിങ് പാനലിൽ നമ്മുടെയൊരു  പ്രശസ്ത കവി   ഉണ്ടായിരുന്നു.  ആ മത്സരത്തിൽ എന്റെ മകന് ഒന്നാം സമ്മാനം കിട്ടി.  ഈ കുട്ടിയ്ക്ക് ഒന്നും കിട്ടിയതുമില്ല. പ്രതീക്ഷിച്ചതുപോലെതന്നെ  ആ അമ്മ  കവിയുടെ അടുത്ത്  ചെന്ന് ചോദിച്ചു,  'എന്താ സാർ എന്റെ കുട്ടിയ്ക്ക് സമ്മാനമില്ലാതെ പോയത് ? കഴിഞ്ഞ തവണ ഒരു വേദിയിൽ ഇതേ കവിത ചൊല്ലി കുട്ടിയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതാ..."

 അദ്ദേഹം  ഒറ്റ  വാചകത്തിൽ ഉത്തരം പറഞ്ഞു...

"മുഴുവൻ  അക്ഷരത്തെറ്റ് ആയിരുന്നു."

ഇത് ഇത്രയും കൊണ്ട് നിൽക്കട്ടെ..  

 തന്റെ കവിതകൾ ഇനി വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുകയോ ഗവേഷണവിഷയമാക്കുകയോ ചെയ്യരുത്  എന്ന് കവി  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  സൗമ്യമായ അഭ്യർത്ഥന..  ചുള്ളിക്കാട്  പറഞ്ഞത് ശരിയല്ല  എന്ന്  വാദിയ്ക്കുന്നു പലരും .    എന്നാൽ  ഞാൻ പറയുന്നു ,  അദ്ദേഹം ഇപ്പോഴും  ആ പഴയ  ' ക്ഷുഭിതയൗവ്വനം '   തന്നെയാണ്.

സൗമ്യമായ  ആ അപേക്ഷയ്ക്ക് പിന്നിൽ ഒളിപ്പിച്ച  തീക്ഷ്ണത  മനസ്സിലാക്കാൻ  സാമാന്യബോധം മാത്രം മതി.  ദയനീയമായ ചില സത്യങ്ങളിലേക്കുള്ള  നിശിതമായ  വിരൽ ചൂണ്ടലായിരുന്നു  അതെന്നു തിരിച്ചറിയേണ്ടതാണ് . അങ്ങനെയൊരു  വിരൽചൂണ്ടലിന്  ഇത്രയും  മനോഹരമായൊരു  വഴി കണ്ടെത്തിയ  പ്രിയ കവിയ്ക്ക്  എന്റെ വന്ദനം...

ബഹളമുണ്ടാക്കിയിരുന്നെങ്കിൽ  അന്തിച്ചർച്ചകളിലെ  കലപിലയായി  അവസാനിയ്ക്കുമായിരുന്ന ഒരു കാര്യത്തെ  ഒരൊറ്റ  വാചകം കൊണ്ട്  വരിഞ്ഞു മുറുക്കിയിട്ടു അദ്ദേഹം.  ഹാ !  എത്ര ഗംഭീരം !!  അദ്ദേഹത്തിൻറെ കവിതപോലെതന്നെ ..

 അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും ഇല്ലാത്ത മലയാളം ആരുടെ സൃഷ്ടിയാണ് ?  ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? അദ്ധ്യാപകരെയാണോ ?  അതോ വിദ്യാർത്ഥികളെയോ ?

എന്റെ  നാവിൽ ഹരിശ്രീ കുറിച്ച ബാലൻ സാറും  അദ്ദേഹം പഠിപ്പിച്ച  മലയാളവും  അപ്പൂപ്പൻതാടി  പോലെ ശുഭ്രശുദ്ധമായിരുന്നു.   കാലങ്ങൾക്ക് ശേഷം  എന്റെ മകനെ  മലയാളവ്യാകരണം  പഠിപ്പിയ്ക്കാൻ  മാത്രമായി   ഇതേ ഗുരുനാഥന്റെ  കൈയ്യിൽ ഏല്പിച്ച്  ഞാൻ പറഞ്ഞു  ,  " സാറിനെ  ഏൽപ്പിയ്ക്കുകയാണ് "..

എന്തുകൊണ്ടാണ്  കണക്കും ശാസ്ത്രവും  മറികടന്ന് മലയാളവ്യാകരണം പഠിപ്പിയ്ക്കാൻ മോനെ ഞാൻ കൊണ്ടുവിട്ടത് ?  വ്യാകരണശുദ്ധിയില്ലാത്ത  അദ്ധ്യാപനം  കൊണ്ടാണോ ?  അങ്ങനെയാവാം..  അല്ലെങ്കിൽ  അവന്റെ കുറ്റമാവാം. 

കാരണമെന്തുതന്നെയായാലും ,  എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു ,  അക്ഷരശുദ്ധിയും  വ്യാകരണശുദ്ധിയും  ആശയശുദ്ധിയുമില്ലാത്ത , തീരെ ഭംഗിയില്ലാത്ത  ഒരു വാചകമായി മാറരുത് എന്റെ മകൻ എന്ന്.  എന്റെ ശ്രമങ്ങൾ കുറെയൊക്കെ  ഫലം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയായി  മക്കൾക്ക് .  എന്നാലും ഇപ്പോഴും  ഞാനവരെ  പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.   അവരറിയാതെ  അവരെ തിരുത്തുകയാണ്,   ആശയസംവാദങ്ങളിലൂടെ...

അദ്ധ്യാപകനായിരുന്ന  മുത്തച്ഛന്റെ  കൈപിടിച്ച് നടന്ന  ശൈശവമാണ് പ്രകൃതി എന്ന  മലയാളത്തെ  എന്റെ അറിവിലേക്ക്  ഒരു നീർച്ചാലായി ഒഴുക്കിവിട്ടത്.  അതുമുതലാണ്  എന്റെ മലയാളപഠനം തുടങ്ങിയത്.

മലയാളവാക്കുകൾ  സ്പുടമായി  പറയാതിരുന്നതിന്  കാപ്പിയുടെ  വടി  ഒടിച്ചായിരുന്നു  അമ്മയെന്നെ തല്ലിയത് .   കാലിൽ ചുവന്നു തിണർത്തു കിടന്ന  ആ അടിയുടെ  മഹത്വം  ഞാൻ തിരിച്ചറിഞ്ഞത്  മലയാളത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയപ്പോഴാണ്.  മലയാളം  അദ്ധ്യാപികയായിരുന്നു  അമ്മ .  വിഷാദമധുരമായ  ശബ്ദത്തിൽ , ഈണത്തിൽ  ചൊല്ലിക്കേൾപ്പിച്ച  പദ്യങ്ങൾ  നനുത്ത മഞ്ഞ് പോലെ  മനസ്സിനെ തഴുകിയിരുന്നു.  അമ്മയുടെ ക്ളാസുകൾ കുട്ടികൾക്ക് ഇഷ്ടവുമായിരുന്നു.  എഴുത്തുഭാഷയിൽ , അടുക്കും ചിട്ടയോടും കൂടി  സ്പുടമായി  സംസാരിയ്ക്കുന്ന അമ്മയുമായി  സംസാരിച്ചിരിയ്ക്കുക എന്നതുതന്നെ വലിയൊരു അറിവ്  ആണ്...   എത്ര ഭംഗിയായും ലളിതമായുമാണ്  അമ്മ എന്റെയുള്ളിലേയ്ക്ക്  ശുദ്ധമലയാളത്തിന്റെ  മുലപ്പാൽ മധുരം  ഇറ്റിച്ചു തന്നത് !!!  അമ്മയ്ക്ക് ഒരുമ്മ ...

തുടക്കത്തിൽ  ഞാൻ പറഞ്ഞ  സംഭവത്തിലേക്ക്  തന്നെ പോകാം. ആ കുട്ടി  ചൊല്ലിയതിൽ  മൊത്തം  അക്ഷരത്തെറ്റായിരുന്നു  എന്ന്  പറഞ്ഞ കവിയുടെ  നേരെ  കയർക്കാൻ  ധൈര്യം  കാണിച്ചു   കുട്ടിയുടെ അമ്മ !  ഇങ്ങനെയാണ്  നമ്മുടെ സമൂഹം  പോകുന്നത്.  

അപൂർണ്ണമായ  ആശയങ്ങളോടുകൂടിയ വാചകങ്ങളും  വ്യാകരണത്തെറ്റോടുകൂടിയ  വാക്കുകളും  അംഗവൈകല്യം  ബാധിച്ച അക്ഷരങ്ങളും  ,  ചൂണ്ടുവിരലിനെ,  ചൂണ്ടി എന്നാരോപിച്ച്  ഉരലിൽ ഇട്ടു ചതയ്ക്കുന്ന കാലവും..  

ഈ സാമൂഹിക വിപത്തിന്  എതിരെയാണ്   കവി ബാലചന്ദ്രൻ ചുള്ളിക്കാട്  പ്രതികരിച്ചത്  എന്ന് മനസ്സിലാക്കാൻ  ഒരുപാട് സർവ്വകലാശാലാ ബിരുദങ്ങളൊന്നും വേണ്ട.  സ്വതന്ത്രമായി ചിന്തിയ്ക്കാനുള്ള ഒരു മനസ്സ് മാത്രം മതി. 

ഇന്നും പഠിച്ചുതീരാത്ത  മലയാളവുമായി ,  വായനാശൈശവത്തിന്റെ  ബാലാരിഷ്ടതകളിപ്പെട്ട്  നട്ടം  തിരിയുന്ന എന്റെ വാക്കുകൾ  മലയാളഭാഷയുടെ കാൽക്കൽ സമർപ്പിച്ചുകൊണ്ട് സസ്നേഹം...


2018 മാർച്ച് 14, ബുധനാഴ്‌ച

ചോദ്യങ്ങള്‍... ( നുറുങ്ങു കഥ )

9 അഭിപ്രായ(ങ്ങള്‍)
പലരും അവളോട്‌ ചോദിച്ചു... ഒരുപാട് ചോദ്യങ്ങള്‍. 

 "  നിന്‍റെ ആരാണ് അയാള്‍? ;  എന്താണ് അയാളുമായുള്ള ബന്ധം ? ;  എന്താണ് അയാളോട് ഇത്രയും സ്നേഹം ? ;  നിന്നെ അയാള്‍ എന്തുകൊണ്ടാണ്  ഇത്രമാത്രം സ്നേഹിയ്ക്കുന്നത് ? ;  ഇത്രയും സ്നേഹിയ്ക്കാന്‍ നിന്നിലോ അയാളിലോ എന്താണുള്ളത് ? "

അനവധി ചോദ്യങ്ങള്‍ ...  എല്ലാ ചോദ്യങ്ങള്‍ക്കും കൂടി അവള്‍ പറഞ്ഞു ഒറ്റ ഉത്തരം... 

"ദൈവമാണ് " !

 കൂടുതല്‍  വിശദീകരണം ആവശ്യമില്ലെന്ന് അവള്‍ തീരുമാനിച്ചിരുന്നു.  ദൈവത്തിന്റെ പേര് പെരുവഴിയിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല എന്നും അവള്‍ ഉറപ്പിച്ചിരുന്നു. 

വലിയൊരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി നേര്‍ത്തൊരു നിശ്വാസമായതുപോലെ ആളുകള്‍ സമാധാനിച്ചു. അത് കാണ്‍കെ , അവളുടെ മനസ്സിലൊരു ചിരി വിരിഞ്ഞു... 

മയില്‍‌പ്പീലിത്തെന്നല്‍ പോലെ നനുത്തൊരു ചിരി.. !
 
Copyright © .