അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും
---------------------------------------------------------------
അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും പറയാൻ ഒന്നോ രണ്ടോ വാക്കുകള് പോരാ. കാരണം അത് ഏകദേശം മൂന്ന് വയസ്സിൽ നിന്നും തുടങ്ങണം.
ഒരുപാട് കൃഷിയുള്ള സാമാന്യം വലിയൊരു തറവാട്. വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. ഒന്നിനും മുട്ടില്ലാത്ത അടുക്കള. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും, പയര്‍ കൊടി, മുരിങ്ങയില തോരന്‍.. അങ്ങനെ മാറി മാറി. .. എന്നിട്ടും എനിയ്ക്ക് വല്ലാതെ വിശന്നു. . ' വയറ് നിറച്ച് മാമുണ്ണണം....' എന്നായിരുന്നു അന്നത്തെ ആശ .
ഒരുപക്ഷേ അതായിരുന്നിരിയ്ക്കണം എന്റെ ആദ്യത്തെ സ്വപ്നം ! ആരോട് പറയുമെന്നറിഞ്ഞില്ല . അമ്മ ജോലിയ്ക്ക് പോയി. അച്ഛന്‍ അച്ഛന്റെ ജോലിയ്ക്ക് പോയി. ശേഷക്കാരുണ്ട് . .... പക്ഷേ ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ് ' എന്നാരും പറഞ്ഞില്ല.. ആരോടും പരാതി പറയാൻ അറിയുമായിരുന്നില്ല. എന്നാൽ ഞാൻ കരഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാളിന്റെ കുടുംബം നീന്തിക്കടക്കേണ്ട തീക്കടലിന്റെ ഒരംശം ആണ് ഞാനീ സൂചിപ്പിച്ചത്.
ഒരു ദിവസം സഹികെട്ട് അവരെന്‍റെ അമ്മയോട് പറഞ്ഞു,
"സാറേ, ഇനീം ഈ കൊച്ചിനെ ഇവിടെ നിര്‍ത്തിക്കൊണ്ടിരുന്നാ ഇത് പട്ടിണി കെടന്ന് ചത്ത് പോവൂട്ടോ."
അമ്മ ഞെട്ടി എന്നത് നേര്‍സാക്ഷ്യം . അതോടെ ഞങ്ങളൊരു വാടകവീട്ടിലേക്ക് മാറി. ചാണകത്തറയുള്ള കുഞ്ഞു വീട്...
പിന്നെ കണ്ടത് മുഴുവനും പ്രൊഫഷണൽ സ്വപ്നങ്ങളാണ്. ഒരു ടീച്ചറാവണം . കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..! കുറേക്കൂടി വലുതായപ്പോൾ , എനിയ്ക്ക് ചുറ്റും കണ്ട അനീതികൾക്ക് നേരെ ഞാൻ മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോഴത്തെ സ്വപ്നം ഒരു വക്കീൽ ആവണന്നായിരുന്നു . വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ.. പിന്നെയും മുതിർന്നപ്പോൾ ഞാൻ അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ തീരുമാനിച്ചു, ഒരു ജേണലിസ്റ്റ് ആകണമെന്ന്. അതെ. അതായിരുന്നു എന്റെ അവസാന തീരുമാനം.
"ആവർത്തന വിരസത വരുത്താതെ നോക്കണം".
എഴുത്ത് വഴിയിൽ ആദ്യമായി കിട്ടിയ ഉപദേശം ! നുറുങ്ങുകഥകളും കവിതകളും ബയോളജി സാറെന്ന ഒരേയൊരു വായനക്കാരനുമായി കഴിഞ്ഞുപോയി എന്റെ സ്കൂൾ കാലഘട്ടം . അച്ഛനോടും അമ്മയോടും മറ്റാരോടും പറഞ്ഞില്ല ഞാനിത്. പരീക്ഷയുടെ തലേന്ന് ആരും കാണാതെ പുസ്തകത്തിന്റെ ഉള്ളിൽ കടലാസ് വച്ച് ഒരു കുഞ്ഞു കഥയെഴുതിയത് , അദ്ധ്യാപികയായിരുന്ന അമ്മ അറിഞ്ഞാൽ ക്ഷമിയ്ക്കുമായിരുന്നില്ലല്ലോ.
അവളത് ക്ളാസ്സിൽ പരസ്യമാക്കി . രണ്ടാം വർഷം ഞങ്ങളുടെ ക്ളാസ്സിൽ നിന്നൊരു മാഗസീൻ ഇറക്കി. ( സ്റ്റുഡന്റ്സ് വോയ്സ് ) . എന്റെ എഴുത്തിൽ തീരെ ആത്മവിശ്വാസമില്ലാതെ പിൻവലിഞ്ഞ എന്നെക്കൊണ്ട് നിർബ്ബന്ധിച്ച് കഥയെഴുതിച്ചു സുഹൃത്തുക്കൾ. ' സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ' എന്ന ആ കഥ വായിച്ച് , പ്രസിദ്ധീകരണയോഗ്യമാണെന്ന് വിലയിരുത്തി, കവിയും കൂടിയായിരുന്ന കൂട്ടുകാരൻ . അങ്ങനെ ആദ്യമായി എന്റെയൊരു രചന എന്റെ സുഹൃത്തുക്കളുടെ പ്രയത്നത്തിൽ അച്ചടിമഷി പുരണ്ടു , പതിനേഴാമത്തെ വയസ്സിൽ . അന്നുമുതൽ ഞാൻ കോളേജ് മാഗസിനിലെ സ്ഥിരം എഴുത്തുകാരിയായി .
ഡിഗ്രി കാലഘട്ടത്തിൽ എന്റെ കഥകളുടെ ഏറ്റവും വലിയ വായനക്കാർ രണ്ടുപേർ . ഒന്ന് എന്റെ ട്യൂഷൻ മാസ്റ്റർ . പിന്നെ , അയൽവാസിയും സഹപാഠിയും ആയ സുഹൃത്ത്.
അദ്ദേഹം പറഞ്ഞു. എഴുത്തുവഴിയിൽ കിട്ടിയ രണ്ടാമത്തെ ഉപദേശം . എല്ലാം ഞാൻ മനസ്സിൽ കുറിച്ചിട്ടു . എഴുത്ത് അനസ്യൂതം തുടർന്നു .
പഠനം കഴിഞ്ഞു. വിവാഹവും..... വിവാഹശേഷം , അക്ഷരങ്ങൾ എന്നെയാണോ അതോ ഞാൻ അക്ഷരങ്ങളെയാണോ ഉപേക്ഷിച്ചതെന്നറിയില്ല . ഫലത്തിൽ , ഞാൻഎന്റെ പേന അടച്ചുവച്ചു . ഒരു ചെറിയ വൃത്തം വരച്ച് അതിനുള്ളിൽ വെറുതെയിരുന്നു . വർഷങ്ങൾ...ഞാൻ ഒന്നും വായിച്ചില്ല . എഴുതിയുമില്ല . സൌഹൃദങ്ങളെയും ആ വൃത്തത്തിനുള്ളിലെയ്ക്ക് ഞാൻ കയറ്റിയില്ല .
"എഴുത്തും വായനയും പുനരാരംഭിയ്ക്കണം . ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ഗീതയെ തിരികെ വേണം ."
ആ പുസ്തകങ്ങൾ മടിയിൽ വച്ച് ഏറെ നേരം ഞാൻ കസേരയിൽ ചാരി കണ്ണുകളടച്ചിരുന്നു . പിന്നെ പുസ്തകത്താളുകൾ വെറുതെ മറിച്ചുകൊണ്ടിരുന്നു . മനസ്സിനെ ഒന്ന് തിരിച്ചുപിടിയ്ക്കാനുള്ള ശ്രമമായിരുന്നു അത് . ഒരുപാട് നാൾ തളർന്നു കിടന്നുപോയ ഒരാൾ എഴുന്നേറ്റ് പിച്ച വയ്ക്കുന്നതുപോലെ ...മെല്ലെ മെല്ലെ ..ഞാൻ പഴയ ഗീതയിലേയ്ക്ക് തിരികെ നടന്നു . ആർത്തിയോടെ വായിച്ചുതുടങ്ങി....ആവേശത്തോടെ എഴുതിത്തുടങ്ങി .
"ഗീതയ്ക്ക് പ്രതിഫലമായി ആദ്യമായല്ലേ ഒരു ചെക്ക് കിട്ടുന്നത് , ജീവിതം മുഴുവൻ ഓർക്കാനുള്ളതാണ് " എന്ന് പറഞ്ഞ് ആ ചെക്കിന്റെ ഫോട്ടോ എടുത്ത് എനിയ്ക്ക് തന്നു, എന്റെയൊരു സുഹൃത്ത്.( അദ്ദേഹം അഭിഭാഷകൻ .) , ... സത്യം..എനിയ്ക്ക് കരച്ചിൽ വന്നു. ആരാണ് അങ്ങനെയൊക്കെ ചെയ്യാൻ അവരോട് പറഞ്ഞത് ? ആരും പറഞ്ഞില്ല ...പക്ഷെ ...എനിയ്ക്ക് വേണ്ടി അവരങ്ങനെയൊക്കെ ചെയ്തുകൊണ്ടിരുന്നു .....
"ഗീത ബ്ളോഗ് എഴുതൂ. ."
എന്റെ വക്കീൽ സുഹൃത്ത് പറഞ്ഞു. ബ്ലോഗിനെ കുറിച്ച് അന്നെനിയ്ക്ക് ഒന്നും അറിയുമായിരുന്നില്ല . എല്ലാം അവർ പറഞ്ഞുതന്നു . ബ്ലോഗ് ഓപ്പൺ ചെയ്തിട്ടത് സുഹൃത്തുക്കൾ തന്നെയാണ്. ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിയ്ക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. അത് ഓൺ ചെയ്യാൻ പോലും ഞാൻ ശ്രമിച്ചിരുന്നുമില്ല...! എനിക്കത് കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോൾ അത് പഠിയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ മോളാണ് അതിലെന്റെ ഗുരുനാഥ. മോളോട് ചോദിച്ച് , കൊച്ചു കുഞ്ഞുങ്ങൾ അക്ഷരം പഠിയ്ക്കുന്നതുപോലെ ഞാൻ ഒരോന്നും പഠിച്ചെടുത്തു . അങ്ങനെ 2013 ഇൽ ഞാനൊരു ബ്ലോഗറായി.
ഇത്തരുണത്തിൽ , പുസ്തകം പ്രകാശനം ചെയ്ത, ശ്രീ . കുരീപ്പുഴ ശ്രീകുമാർ സാറിനെയും , അതേറ്റുവാങ്ങിയ ബിനോയ് ഏട്ടനേയും ( ബിനോയ് വിശ്വം) ഞാൻ സ്നേഹാദരങ്ങളോടെ നമിയ്ക്കുന്നു.. പുസ്തകത്തിലുൾപ്പെട്ട 'ആത്മാവിന്റെ കാഴ്ചപ്പാടുകൾ' എന്ന കഥ മുഴുവൻ , ശ്രീകുമാർ സാർ , വേദിയിൽ നിന്ന് സദസ്സിനെ വായിച്ചു കേൾപ്പിച്ചതും , അദ്ദേഹം ഈ പുസ്തകപ്രകാശനത്തെക്കുറിച്ച് , 'ഓൺലൈൻ മേട്ടിലെ ഒളിപ്പോരാളികൾ ' എന്ന പേരിൽ ഒരു ലേഖനമെഴുതിയതും എന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങൾ...സൗഹൃദത്തിന്റെ മായാത്ത വിരൽപ്പാടുകളും....
നൈനിക നിധി എന്ന എഴുത്തുകാരിയുടെ 'ശീർഷകം മാഞ്ഞ കവിതകൾ ' എന്ന പുസ്തകത്തിന് ഒരു അവതാരിക എഴുതിക്കൊടുക്കാൻ ലീലേച്ചി എന്നെ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിയ്ക്കാനാവാതെ ഞാൻ നിന്നത് , ആത്മവിശ്വാസക്കുറവ് കൊണ്ടാകാം. പക്ഷെ ചേച്ചി ധൈര്യം തന്നു. ചേച്ചി പറഞ്ഞു,
"നിനക്ക് വളരാനുള്ള വഴികളാണിതൊക്കെ ...പാഴാക്കരുത് ഒരു അവസരവും " എന്ന് . ഞാനാ അവസരം പാഴാക്കിയുമില്ല. എന്റെ അവതാരികയോടുകൂടി ആ പുസ്തകം തപാലിൽ കിട്ടിയ നിമിഷം എനിയ്ക്ക് മറക്കാനാവില്ല..!
സിഎൽഎസ് ബുക്ക്‌സ് ഇറക്കിയ ഒരു കഥാസമാഹാരത്തിൽ , ഞാനെഴുതിയ 'മറവിയിൽ ഒരു മറുവാക്ക് ' എന്ന കഥയും , അവരുടെതന്നെ ഒരു കവിതാ സമാഹാരത്തിൽ , ഞാനെഴുതിയ 'ഇനി നീയൽപ്പം മയങ്ങുക' എന്ന കവിതയും ഉൾപ്പെട്ടത് , സൗഹൃദത്തിന്റെ ബാക്കിപത്രങ്ങൾ....
ഒരിയ്ക്കലും കാണാതെയും മിണ്ടാതെയും , അറിയാതെയും ലോകത്തിന്റെ ഏതൊക്കെയോ മൂലകളിലിരുന്ന് , യാതൊരു നിബന്ധനകളുമില്ലാതെ പരസ്പരം സ്നേഹിയ്ക്കുന്ന കുറെ ആളുകൾ... അങ്ങനെയും സ്നേഹിയ്ക്കാം , എന്ന് ഓരോ അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. വളരെ അവിശ്വസനീയമായിരുന്നു എനിയ്ക്കത് ..! എന്റെ
കഥകളുടെ ലോകത്ത് നിന്നും മാറിനിന്നാൽ , കരയിൽ പിടിച്ചിട്ട മത്സ്യത്തേപ്പോലെ ഞാൻ പിടഞ്ഞു മരിയ്ക്കുമെന്ന് എനിയ്ക്ക് നന്നായറിയാം . എന്നിട്ട് പോലും ചില സന്ദർഭങ്ങളിൽ ,സഹികെട്ട് ഞാനെന്റെ അക്ഷരങ്ങളെ പകയോടെ കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ അപ്പോഴും അവ വിട്ടുപോകാതെ എന്റെ വിരൽത്തുമ്പിൽ കടിച്ചു തൂങ്ങി എന്നെ വേദനിപ്പിച്ചു. അവയെ സംരക്ഷിയ്ക്കാൻ ഞാൻ നേരിട്ട പ്രതിസന്ധികൾക്ക് കണക്കില്ല. എന്നിട്ടും കണ്ടില്ലേ ? എനിയ്ക്ക് ചുറ്റും ഞാൻ തീർത്ത സ്വർഗ്ഗത്തിന്റെ പൂമുഖത്തിണ്ണയിലിരുന്ന് ഇപ്പോഴും ഞാനെഴുതുകയാണ് ! കറുത്ത പകലുകളും വെളുത്ത രാത്രികളും വീണ്ടും എന്നെ തേടി വന്നേക്കാം . വരട്ടെ. വരുന്നതെല്ലാം വന്നു പോകട്ടെ.....എന്റെ കൈവിരൽത്തുമ്പുകൾ നിശ്ചലമാകുന്നതുവരെ ഞാനെഴുതും....
ഞാൻ വിശ്വസിയ്ക്കുന്നു , ഓരോന്നിനും കാലം ഓരോ സമയം കണ്ടുവച്ചിട്ടുണ്ട്.....ക്ഷമയോടെ കാത്തിരിയ്ക്കുകയാണ് ഞാൻ... ഇനിയും ഒരുപാട് അതിശയങ്ങൾക്കായി ..
മഞ്ഞ് പെയ്യുന്ന മനസ്സിന്റെ ചില്ലുജാലകത്തിനിപ്പുറം ആരുമറിയാത്ത നോവുകളും ആരും കാണാത്ത മുറിവുകളും നേർത്തൊരു പുഞ്ചിരി കൊണ്ട് ഒളിപ്പിച്ച് , പുറംകാഴ്ചകളിലേയ്ക്ക് നോക്കുന്ന എന്റെ കണ്ണുകളുടെ ആർദ്രത തെല്ലും കുറഞ്ഞിട്ടില്ല. ഒപ്പം തീക്ഷ്‌ണതയും ..! ഇല്ലെങ്കിൽ , എന്റെ അക്ഷരങ്ങൾ ഇവിടെ തെളിയുമായിരുന്നില്ല... അവസാനമായി ഒന്നുകൂടി.. സ്വപ്നങ്ങൾ കാണുക! അതിതീവ്രമായി സ്വപ്നങ്ങൾ കാണുക. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാതിരിയ്ക്കുക. കാലക്രമേണ അത് സത്യമായി നമുക്കടുത്തേക്ക് വരും.
****************************
2 അഭിപ്രായ(ങ്ങള്‍):
എഴുത്തു തുടരുക സുഹൃത്തേ . എല്ലാ വിധ ആശംസകളും. ഒപ്പം ഇറങ്ങാൻ പോകുന്ന പുസ്തകത്തിനും .. ഇനിയും ഒരുപാട് എഴുതുക ...
thank u unni :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ