2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

സഖാവേ ! എന്റെ ഹൃദയം നീയെടുത്തുകൊള്‍ക ...

ആഴിയുടെ ആഴമളന്നും 
അത് നാഴിയിൽപ്പാതിയെന്നുരച്ചും 
വെറുതേ  പാഴായ നാഴികയും 
വഴി മറന്ന മൊഴിയും  മഴ മറന്ന മിഴിയും 
പൈങ്കിളിമൊഴികളാവുമ്പോ , 
പ്രിയ ഗുവേര  !  
ഇനിയെന്റെ വിരൽത്തുമ്പിൽ കവിതയില്ല !
സഖാവേ  ! നിന്നെ  'ചെ ' യാക്കിയ 
ക്യൂബൻ വിപ്ലവമോ ലാറ്റിനമേരിക്കൻ യാത്രയോ 
എന്തേ  നിന്നെയൊരു കവിയാക്കിയില്ല ? 
നിനക്കില്ലെങ്കില്പിന്നെയെനിയ്ക്കെന്തിന് കവിത ?
പഴയതെല്ലാം മായ്ച്ചു... 
പുതിയൊരു കവിതയ്ക്കായി കാത്തിരിയ്ക്കാൻ 
ഇനിയെനിയ്ക്കൊട്ടും നേരമില്ല ..
പ്രിയ സഖാവേ !
ഞാൻ നിന്നിലേയ്ക്കുള്ള ആന്തരികയാത്രയിലാണ് !
ചെ ഗുവേര !  നിന്നോടാണെനിയ്ക്ക് പ്രണയം ..
ഇതെന്റെ ഹൃദയം.. ഇത് നീയെടുത്തുകൊൾക ..
പൂർവ്വാശ്രമങ്ങളിലെ ഭ്രമണങ്ങളിൽ 
കറങ്ങിത്തിരിഞ്ഞു ഞാൻ വരും .. 
അന്നെന്റെ  ഹൃദയമെനിയ്ക്ക് തിരികെ തരിക നീ..  
അതിനെ പൊതിഞ്ഞ് നിന്റെ ഹൃദയമുണ്ടാകണം !
ഉണ്ടാകുമെന്നൊരു വാക്ക് !  
അതുമാത്രമിപ്പോളെനിയ്ക്ക് നീ തരിക...

8 അഭിപ്രായ(ങ്ങള്‍):

മഹേഷ് മേനോൻ പറഞ്ഞു...

സഖാവിനോടുള്ള പ്രണയം മനോഹരമായി. വളരെ ഇഷ്ടമുള്ള ഒരു കവിതയെയും ഓർമ്മിപ്പിച്ചു....

"തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഗാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ...
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും..."

ശിവേച്ചി ഇപ്പൊ ബ്ലോഗ് വായനയും കുറവാണോ? കാണാറേ ഇല്ലല്ലോ?

Sivananda പറഞ്ഞു...

സന്തോഷം മഹി .. കുറെ തിരക്കുകളിലായിരുന്നു. അതാ .. ഞാന്‍ വരുന്നുണ്ട് മഹി വായിയ്ക്കാന്‍ :) ഉടനെ വരും

Sivananda പറഞ്ഞു...

മഹി, മഹിയുടെ ബ്ലോഗ്‌ 'വഴിയോരക്കാഴ്ചകള്‍' അല്ലെ?

മഹേഷ് മേനോൻ പറഞ്ഞു...

അതെ ശിവേച്ചീ 'വഴിയോരക്കാഴ്ചകൾ' തന്നെ.. എല്ലായ്‌പ്പോഴും സ്വാഗതം

ഫ്രാന്‍സിസ് പറഞ്ഞു...

പൊതിഞ്ഞു ആ ഹൃദയം ഉണ്ടല്ലോ.അല്ലാതെവിടന്നാണീ ശക്തി..

Sivananda പറഞ്ഞു...

ഫ്രാന്‍സിസ് , സന്തോഷം :) ഓരോ നിമിഷവും പ്രാര്‍ത്ഥനയിലാണ്. എവിടുന്നാണ് ഒരു വരം കിട്ടുക എന്നറിയില്ലല്ലോ :)))

Unknown പറഞ്ഞു...

സഖാവിനോടുള്ള സ്നേഹം എത്ര ആഴത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു മനോഹരമായ കവിതയിലൂടെ
അനി.

Sivananda പറഞ്ഞു...

സന്തോഷം അനി :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .