2019, ജൂലൈ 28, ഞായറാഴ്‌ച

സ്പര്‍ശം

ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമില് കിടക്കുമ്പോള്‍.‍. ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...
അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..! എന്റെ മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത , ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയര്‍ത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി.. കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു !! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു..!!! എത്ര ധൈര്യമാണ് .. എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത് ! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല . ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി..ദൈവത്തെ നോക്കുന്നതുപോലെ .. എന്നെ മുറുകെ പിടിച്ചോണെ.. വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ ..അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.. വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം ! എത്ര അനുപമവും അവര്ണ്ണനീയവുമാണ് ആ നിമിഷങ്ങള്‍ ! സത്യം പറഞ്ഞാല്‍ എത്രയോ ഭാഗ്യവതികളാണ്  സ്ത്രീകള്‍ !

10 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

സമൂഹത്തിനു എപ്പോഴോ സംഭവിച്ച കുറെ ഏറെ തെറ്റുകളാൽ വികലമാക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തില്ലായിരുന്നു എങ്കിൽ സ്ത്രീ ജന്മം മാത്രമല്ല പുരുഷജന്മവും എത്രയോ മനോഹരം ആയിരുന്നേനെ.പ്രകൃതി കനിഞ്ഞുനല്കിയ അനുഗ്രഹങ്ങളെ അനുഗ്രഹമായി കാണാൻ കഴിയാത്ത വിധം കെട്ടപ്പെട്ട മനസ്സുള്ളവരാണ് പലേ സ്ത്രീകളും.കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ അനുഭവിക്കുന്ന നിർവൃതി പുരുഷാനു ഭാവന ചെയ്യാൻ പോലും പറ്റാത്തതാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.എല്ലാ സ്ത്രീകളും സ്ത്രീത്വത്തെ അറിഞ്ഞു അതിനെ ബഹുമാനിക്കാൻ കഴിയുന്നവർ ആയാൽ എത്ര സുന്ദരം ആകും അവരുടെ ജീവിതം ഒപ്പം ഞങ്ങളുടെയും. എനിക്ക് തോന്നുന്നു അപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പോലും കേൾക്കാതാകും എന്ന്.

ഫ്രാന്‍സിസ് പറഞ്ഞു...

കാര്യങ്ങളെ എങ്ങനെ മനോഹരമായി അവതരിപ്പിക്കാം എന്നതിന് നല്ലൊരു ഉദാഹരണം ആണ് ഈ സ്പർശം. തെല്ലൊരു അസൂയ ഉണ്ട് എനിക്ക് എന്നതിനെ ഞാൻ ചെറുതായി കാണുന്നില്ല.

Sivananda പറഞ്ഞു...

സന്തോഷം ഫ്രാന്‍സിസ് .. കുറെ ഗ്യാപ്പിനു ശേഷമാണ് ഈ എഴുത്ത്.തളര്‍ന്നു ഒടിഞ്ഞുമടങ്ങിപ്പോയ ഒരു ചെടി പുതുമഴയ്ക്ക് പെട്ടെന്ന് നിവര്‍ന്നതുപോലുള്ള ഒരു എഴുത്തായിരുന്നു.. അതാവാം ഇഷ്ടം തോന്നിയത്. ഹ്ഹ അസൂയ നല്ലതാണ് ..

Sivananda പറഞ്ഞു...

സ്ത്രീത്വം ഏറ്റവുമധികം മനസ്സിലാക്കാതെ പോകുന്ന പല അവസരങ്ങളും ഉണ്ട്. ഈ എഴുത്ത് കണ്ട ഒരാള്‍ പറഞ്ഞത് , വേദന അറിയാതെ പ്രസവിയ്ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ എന്നാണ്..

മഹേഷ് മേനോൻ പറഞ്ഞു...

മാതൃത്വം മഹാസത്യം എന്നുപറയുന്നത് വെറുതെയാണോ ശിവേച്ചീ ;-) ഇപ്പോൾ ഭർത്താക്കന്മാരെ ലേബർ റൂമിൽ കൂടെനിർത്തി ഈ വേദന നേരിട്ടുകാണിക്കാനുള്ള സൗകര്യം ആശുപത്രിക്കാർ ചെയ്യുന്നുണ്ട്. അതുകണ്ടു തലകറങ്ങിയ വീരശൂരപരാക്രമികളായ പുരുഷകേസരികളെപ്പറ്റിയും കേട്ടിട്ടുണ്ട് :-D

ശിവേച്ചിയെ കുറെനാളായല്ലോ കണ്ടിട്ട്? പുതിയ പോസ്റ്റുകളും കാണാറില്ല, ബ്ലോഗിൽ വായിക്കാനും വരാറില്ലെന്നു തോന്നുന്നു?

Sivananda പറഞ്ഞു...

ഹായ് മഹേഷ്‌ , സന്തോഷം ഒത്തിരി .. ഞാനിപ്പോ കുറച്ചു നാളായി വന്നിട്ട്. മനസ്സിലോന്നുമില്ലായിരുന്നു എഴുതാന്‍. അതുകൊണ്ടാ.. പിന്നെ ജീ പ്ലസ് ഉണ്ടായിരുന്നപ്പോ മഹേഷിന്റെ പോസ്റ്റ്‌ നോട്ടിഫികേഷന്‍ അവിടെ വരുമായിരുന്നല്ലോ ..ഇപ്പൊ ജീ പ്ലസ് ഇല്ലാത്തതുകൊണ്ട് അങ്ങനെ അറിയാറില്ല. ഞാന്‍ ബുക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ട് മഹിയുടെ ബ്ലോഗ്‌ പേജ്.. നോക്കാം കേട്ടോ.. ഇടയ്ക്കൊരു ഗ്യാപ് വന്നു. അതാ.. :)

Unknown പറഞ്ഞു...

പറയാൻ വാക്കുകളില്ല.
അതിമനോഹരം. സ്ത്രീത്വത്തെ ഇത്രമാത്രം മഹത്വീകരിച്ചുകാണുന്നത് ആദ്യം.
അഭിനന്ദനങ്ങൾ.

Sivananda പറഞ്ഞു...

സന്തോഷം സുഹൃത്തെ ..നന്ദി.. :)

Unknown പറഞ്ഞു...

പ്രകൃതിയിലെ ഒരു മഹാ പ്രതിഭാസം തന്നെയാണ് സ്ത്രീ. അവളിലെ കരുണ ഇല്ലാതിരുന്നിരുന്നെങ്കിൽ ഈ ഭൂമിയിൽ ജീവന്റെ തുടിപ്പ് ഉണ്ടാവുമായിരുന്നില്ല.
സ്പർശം എന്നത് ഒരു തരം മനശാസ്ത്ര ചികിൽസയാണ് അതിലൂടെ സുരക്ഷിതത്വം വാഗ്ദാനം ചെയ്യപ്പെടുകയാണ്.പലപ്പോഴും പുരുഷൻ മനസ്സിലാക്കാത്ത മഹത്തരമായൊരു കാര്യമാണ് വളരെ മനോഹരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.ജന്മം കൊടുക്കുന്നതു മുതൽ ആ ജീവൻ നില നിർത്തിക്കൊണ്ട് പോകുവാൻ അർവൾ പെടുന്ന പാട് അത് ശരിക്കും മനസ്സിലാവണമെങ്കിൽ അവളെ ഹൃദയത്തിന്റെ ഭിത്തിയിൽ ഒട്ടിച്ച് നിർത്തണം.
അനി.

Sivananda പറഞ്ഞു...

സന്തോഷം അനി.. സ്ത്രീയുടെ സ്വത്വം മനസ്സിലാക്കാത്ത പുരുഷന്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .