2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

കുഞ്ഞു കഥയിലെ വലിയ കാര്യങ്ങൾ.. (ലേഖനം.)

                 

കുഞ്ഞു പ്രായത്തിൽ,   അമ്മ   എനിയ്ക്ക്   പറഞ്ഞുതന്ന കഥകളിൽ  നക്സൽബാരികളുടെ  കഥകളുമുണ്ടായിരുന്നു . 


  കാക്കയുടേയും , കുറുക്കന്റേയും,  കുരങ്ങന്റെയും , രാജകുമാരിയുടേയുമൊക്കെ   കഥകൾ  പറഞ്ഞുതരുന്ന  അതേ  ലാഘവത്തോടെയാണ്   അമ്മ  എനിയ്ക്ക്  നക്സൽബാരികളുടെ   കഥ   പറഞ്ഞു തന്നത്  !  ഒരിയ്ക്കൽ  ഒരിടത്തൊരു  രാക്ഷസനുണ്ടായിരുന്നു എന്ന്  പറയുന്നതുപോലെ .. പക്ഷെ   എന്റെ  കുഞ്ഞു മനസ്സിന്   അത്രയും   വലിയ   കാര്യങ്ങൾ  ഗ്രഹിയ്ക്കാനുള്ള  പ്രാപ്തി ഉണ്ടായിക്കാണില്ല .   അതുകൊണ്ടാവാം   'നക്സൽബാരി '    എന്ന  പേരൊഴിച്ച്  ബാക്കിയൊന്നും   എനിയ്ക്ക്   ഓർത്തുവയ്ക്കാൻ   കഴിയാതെ പോയത്..   'നക്സൽബാരികൾ '  എന്നാൽ  എന്തോ ഒരു  ഭീകര സങ്കൽപം  മാത്രം   മനസ്സിൽ  നിലനിന്നു ..  കുടത്തിലടച്ച ഭൂതം പോലൊരു സങ്കൽപം !


അതിനു ശേഷം   എത്രയോ   നാളുകൾ   കഴിഞ്ഞാണ് ,   വടക്കൻ  ബംഗാളിലെ  'നക്സൽബാരി '   എന്ന  ഗ്രാമത്തെക്കുറിച്ചും ,  അവിടെ  1967  കാലഘട്ടത്തിൽ  പൊട്ടിപ്പുറപ്പെട്ട  പ്രക്ഷോഭത്തെക്കുറിച്ചും   ഞാൻ   വായിച്ചറിഞ്ഞത് !


അപ്പോഴാണ്   അമ്മ  പറഞ്ഞ  കുഞ്ഞു കഥയിലെ  വലിയ  കാര്യങ്ങൾ  ഞാൻ   മനസ്സിലാക്കിയത് !     


വായനയുടെ    ഓരോ ഘട്ടത്തിലും  കൗതുകമായിരുന്നു എനിയ്ക്ക് .. !


ബംഗാളിൽ  ക്ഷാമം പടരുന്നു...  വിയറ്റ്നാം  അമേരിക്കയോട്  ഏറ്റു മുട്ടുന്നു ... ബൊളീവിയൻ കാടുകളിൽ ചെഗുവേര ഗറില്ലയാകുന്നു ... ചൈന യുദ്ധത്തെത്തുടർന്ന്  കമ്മ്യൂണിസ്റ്  പാർട്ടി  പിളരുന്നു .. ഈ സാഹചര്യത്തിലാണ്  നക്സൽബാരിയിൽ  കർഷക കലാപം  പൊട്ടിപ്പുറപ്പെടുന്നത് . 


പണിയെടുപ്പിയ്ക്കുകയും   അടിച്ചമർത്തപ്പെടുകയും  ചെയ്യപ്പെട്ട  കർഷകർ  സംഘടിച്ചു.  ചാരു മജുമ്ദാർ ,  കനു സന്യാൽ,  ജംഗൽ സന്താൽ , കേശവ് സർക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരം ചെയ്തു.. പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും കൊണ്ട് യുദ്ധം ചെയ്തിരുന്നവർ  , നവീന ആയുധപരിശീലനവും  നേടി .. 


1967  മെയ്  25 ന് ആയിരുന്നു  അത് !     പ്രസാദുജ്യോദ്  എന്ന  ഗ്രാമത്തിൽ  വച്ച് സമരക്കാർക്ക്  നേരെ  പോലീസ്   വെടി  വച്ചു .   രണ്ട്  കുട്ടികളും  ഒൻപത്  സ്ത്രീകളും അടക്കം  11  പേർ  വെടിയേറ്റ് മരിച്ചു....


അങ്ങനെ സസ്യശ്യാമളമായ  ഗ്രാമീണശാന്തിയിൽ  വിപ്ലവത്തിന്റെ   ചുവന്ന  പൂക്കൾ  വിരിഞ്ഞു.  അതിന്റെ ,  മനസ്സെരിയ്ക്കുന്ന   ഗന്ധം  കേരളത്തിലേക്കും  പടർന്നു ..  അതിന്റെ തീവ്രത  പല  മനസ്സുകളിലും  കാട്ടുതീയായി  എരിഞ്ഞു .. ജന്മിയുടെ   തല  വെട്ടി  വീട്ടുപടിയ്ക്കൽ  വയ്ക്കുന്ന തരത്തിൽ തീയാളി ..


പറഞ്ഞാൽ തീരാത്ത  കഥകൾ !


പ്രക്ഷോഭകാരികൾ  പലരും  ജയിലിലും ഒളിവിലുമൊക്കെയായി ..   നിഷേധസ്വഭാവമുള്ളവരെല്ലാം  നക്സലൈറ്റ്  എന്ന്  വിളിയ്ക്കപ്പെട്ടു  എന്ന്  പറയുമ്പോൾ ,   ഞാൻ  തമാശയോടെ  ഒരു നിമിഷം   ആലോചിച്ചു..   നിഷേധാത്മകമായ   മൗനം  നക്സലിസമാകുമോ എന്ന് ..  പലപ്പോഴും  നിഷേധാത്മകമായ   മൗനം   എന്റെ യുദ്ധമുറയാകാറുണ്ട് ..


എന്തായാലും  കാലം  പോകേ ,  നക്സൽബാരി   എന്ന ഗ്രാമവും ,   പ്രക്ഷോഭവും  ചരിത്രത്തിന്റെ  മറഞ്ഞ ഏടുകളിലെ  ഒരു  ചുവന്ന   പൊട്ട്  മാത്രമായി   അവശേഷിച്ചു .


നക്‌സലൈറ്റുകൾ   പലരും   സമാന്തരജീവിതങ്ങളിലേയ്ക്കും  ആത്മീയ ജീവിതങ്ങളിലേയ്ക്കുമൊക്കെയായി  ചിന്നിച്ചിതറി . (റ്റി. എം. ജോയിയേയും , ഫിലിപ്പ്.എം. പ്രസാദിനെയുമൊക്കെ   വായിച്ചറിഞ്ഞപ്പോൾ  എനിയ്ക്ക്  അങ്ങനെ തോന്നി).   


ചിലർ  കാലത്തിന്റെ   മാറിയ  മുഖം  ഉൾക്കൊള്ളാനാവാതെ   ആത്മഹത്യയിൽ  അഭയം  തേടി..( കനു സന്യാൽ ആത്മഹത്യ ചെയ്യുകയായിരുന്നു ).     ചിലർ   പോരാട്ടങ്ങൾ  തുടർന്നു ..  അപൂർവ്വം  ചിലർ വർഗ്ഗീയസംഘടനകളുടെ  മേൽക്കുപ്പായമണിഞ്ഞ് , ഒരേസമയം നക്സലൈറ്റും   പുതിയ   പോരാളിയുമായി നടിച്ചു  എന്നും പറയപ്പെടുന്നു..


അൻപത്   വർഷങ്ങൾക്കിപ്പുറം ,    വിപ്ലവത്തിന്റെ   ചുവന്ന  അടയാളം  മാത്രമായി  നക്സൽബാരിയും  നക്‌സൽ പ്രക്ഷോഭങ്ങളും   മാറിയെങ്കിലും ,   ആ  കലാപം   സൃഷ്ടിച്ച   ഊർജ്ജവും  ശൗര്യവും  തന്നെയാണ്   ഇന്നത്തെ  അവകാശസമരങ്ങളുടേയും   പിൻബലം എന്ന്  പലരേയും പോലെ  ഞാനും  വിശ്വസിയ്ക്കുന്നു .


അമ്മ  പറഞ്ഞ   കഥകൾ  ഇപ്പോൾ  ഓർത്തെടുക്കാൻ  കാരണം ,   ഒരു  കത്തിനേക്കുറിച്ചുള്ള  വായനയാണ്.    


'ഒരച്ഛൻ  മകൾക്കയച്ച  കത്തുകൾ '  (നെഹ്‌റു - ഇന്ദിരാഗാന്ധി )   പണ്ടേതന്നെ   വായിച്ചു  മനസ്സ്  നിറഞ്ഞതാണ്. 


എന്നാൽ   ഒരു 'അമ്മ  മകൾക്കയച്ച   കത്തുകളെക്കുറിച്ച്  ഈ അടുത്ത   നാളിലാണ്   വായിച്ചത് !  (മാതൃഭൂമി ).


വളരെ  കൗതുകം  തോന്നി .  ഒപ്പം,   ഞരമ്പിൽ   രക്തത്തോടൊപ്പം  ഒഴുകിനടന്ന  ഒരു  കനൽപ്പൊട്ട്  വീണ്ടും   വല്ലാതൊന്ന്   ജ്വലിയ്ക്കുകയും  ചെയ്തു .


പൂജപ്പുര  സെന്ററൽ  ജയിലിലേക്കാണ്   ആ  അമ്മ  കത്തുകളയച്ചത് !    നക്സലൈറ്റ്  പ്രസ്ഥാനത്തിൽ  ചേർന്ന് ,  വയനാട്ടിലെ   പുൽപ്പള്ളി  പോലീസ് സ്റ്റേഷൻ  ആക്രമണക്കേസിൽ  തടവ് ശിക്ഷ അനുഭവിയ്ക്കുന്ന ,   വെറും  ഇരുപത്  വയസ്സ്‌കാരിയായ  മകൾക്കായിരുന്നു  ആ  കത്തുകൾ !!    


കണ്ണീരും   കൈയുമായി   ആവലാതികൾ   എഴുതി നിറച്ച  കത്തുകളായിരുന്നില്ല  അത്.   മറിച്ച് ,  പോരാട്ടവീര്യമായിരുന്നു  അതിൽ   നിറയെ !!!   ആ   അമ്മയെ   നമ്മൾ  കേട്ടിട്ടുണ്ട്.   മന്ദാകിനി നാരായണൻ...!  നക്സലൈറ്റ് നേതാവായിരുന്ന  കുന്നിയ്ക്കൽ നാരായണന്റെ  പത്‌നി .  (അവരും പ്രക്ഷോഭകാരിയായിരുന്നു .   2006 -ഇൽ , 81  വയസ്സിൽ  അവർ  അന്തരിച്ചു . )


മകളെ  നമ്മൾ  ഏറെ   അറിയും.   വിപ്ലവവും   പോരാട്ടവീര്യവുമായി , ഞരമ്പിന്  തീ പിടിച്ച  കാലത്ത് ,  നക്സലൈറ്റ് പ്രക്ഷോഭങ്ങളിൽ   പങ്കെടുത്ത്  അറസ്റ്റ്   വരിയ്ക്കുകയും ,  ജയിൽ ശിക്ഷ   അനുഭവിയ്ക്കുകയും ചെയ്ത  ,  ഇന്നും നമ്മോടൊപ്പം  ഉള്ള , കെ.അജിത  എന്ന  ആ മകൾ  നമുക്ക്  അപരിചിതയല്ലല്ലോ... !


" ....... ഒരു  ബ്ലോക്കേഡ്  നമുക്ക്  ചുറ്റും  ഉയർത്താനുള്ള ശ്രമം നിന്റെയും  ഞങ്ങളുടേയും  നിശ്ചയദാർഢ്യത്തിന്  മുന്നിൽ  പൊളിഞ്ഞുപോകും .  നമുക്ക് ആ  തടയിണ   തകർക്കാൻ സാധിയ്ക്കും.  നിന്നെ  കൂട്ടിലടച്ച്   ശാരീരികമായും   മാനസികമായും  തകർക്കാനും ,  ആത്മവീര്യം  കെടുത്താനുമാണ്   അവർ  ശ്രമിയ്ക്കുന്നത് .  ബുറു ദ്വീപിലെ  കരിമീനിനെപ്പോലെയാകും  നീ   എന്നാണ് അവർ  കരുതുന്നത് .  പക്ഷേ ,  നിന്റെ  വിപ്ലവഗാനം ,  ഉയർന്ന   തടവറ ഭിത്തികൾക്കപ്പുറം  കേൾക്കാം   ....."


ഞാൻ  വായിച്ച  ,   ആ  അമ്മയുടെ   കത്തിലെ   ചില   വരികളാണിത്..!   എത്രയോ   മക്കൾക്ക്,  എത്രയോ   പോരാളികൾക്ക് ,  എത്രയോ   സമരമുഖങ്ങൾക്ക്  ആവേശം പകരുന്ന  വരികൾ !!  


നക്സൽബാരി പ്രക്ഷോഭത്തെക്കുറിച്ച്   ആഴത്തിലുള്ളൊരു   പഠനം  ഇതുവരെ  നടന്നിട്ടില്ലെന്ന്  പറയുന്ന  അജിതയുടെ   വാക്കുകളിലെ   തീ  ഇന്നും   അണഞ്ഞിട്ടില്ല എന്നാണ്  മനസ്സിലാവുന്നത്.   നല്ലൊരു  അമ്മയും അമ്മൂമ്മയുമൊക്കെയായി   ജീവിയ്ക്കുമ്പോഴും  അവർ  നേതൃത്വം  നൽകുന്ന   'അന്വേഷി '   എന്ന  വനിതാ സംഘടന ,  സ്ത്രീകൾക്ക്   വേണ്ടിയും  അടിച്ചമർത്തപ്പെടുന്നവർക്ക്  വേണ്ടിയും   ശബ്ദമുയർത്തുമ്പോൾ ,   ആ  ശബ്ദങ്ങൾക്ക്   ഇന്നും  നിഗൂഢമായ  കാട്ടിടവഴികളുടെ  കൊടും മുഴക്കമുണ്ട് !!!


നക്സലിസവും,  നക്സൽബാരി വിപ്ലവവും  പറഞ്ഞാലോ  എഴുതിയാലോ   തീരുന്നതല്ല.  


"ചില കളിപ്പാട്ടങ്ങളുണ്ട് .. അമിതമായി  താക്കോൽ  കൊടുത്ത് വിട്ടാൽ ,  കുതിച്ചു ചാടിയും  കുത്തിമറിഞ്ഞും  വട്ടം  കറങ്ങിയും  ബഹളം  വയ്ക്കുന്ന കളിപ്പാട്ടങ്ങൾ... കണ്ടു  നിൽക്കുന്നവർക്ക്  രസം.. " ....         ഇത്  ഫിലിപ്പ്.എം.പ്രസാദ്  നക്സലൈറ്റിനെ നിർവചിച്ചതാണ് .. നക്സലൈറ്റ് എന്നതിന്   ഇങ്ങനെയൊരു  നിർവചനം  കൊടുത്ത , നക്സലൈറ്റ് നേതാവ്  ഫിലിപ്പ്.എം.പ്രസാദിനെ  വായിച്ചറിഞ്ഞു...


"ഒരിയ്ക്കൽ  നക്സലൈറ്റ്  ആയിരുന്നവരെ ,  ഗ്യാലറികൾ  വളരെ  പ്രതീക്ഷയോടെയാണ് നോക്കുന്നത് "    എന്ന് പറയുന്ന  നക്സലൈറ്റ് നേതാവ്  റ്റി.എം.ജോയി ,  ഇങ്ങനെയും  പറയുന്നു...  


 "നിങ്ങൾ   ഭീരുവാണെങ്കിൽ ,  സ്വന്തം   ഭീരുത്വത്തിലാണ്  ജീവിയ്ക്കേണ്ടത്.   മറ്റൊരാളുടെ  ധീരതയുടെ   അനുഭാവിയാകുമ്പോൾ ,  ചോരുന്നത് ,  അവനവനായിത്തീരലിന്റെ   ആർജ്ജവമാണ് .    ഒരു  കാര്യം  ചെയ്യൂ.. പണ്ട്  പൊരുതുകയും  കൈയ്യടി  വാങ്ങുകയും  ചെയ്തവർ  നിങ്ങളോട്   പറയുകയാണ് ,    ഇനി   നിങ്ങൾ    അനുഭാവികൾ  യുദ്ധം   ചെയ്ത്   ജയിലിൽ  പോവുക...  ഞങ്ങളൽപം  കൈയ്യടിച്ചോട്ടെ .."


(എനിയ്ക്ക്  വളരെ രസകരമായിത്തോന്നി ,   ഇദ്ദേഹത്തിന്റെ   ഈ  പരാമർശം ).


കെ.പി.നാരായണൻ മാസ്റ്ററെയോ ,   കുന്നിയ്ക്കൽ   നാരായണനെയോ (അജിതയുടെ അച്ഛൻ)  ,    'സംഘടിച്ചു  ചെറുത്തുനിന്നാലേ  ചൂഷണത്തിൽ  നിന്നും രക്ഷപ്പെടാനാവൂ '  എന്ന്  നിരന്തരം   പറഞ്ഞ  കനു സന്യാലിനെയോ ,   ഇന്ത്യയുടെ   നക്സലൈറ്റ്  മുന്നേറ്റത്തിന്റെ   നേതൃരൂപമായ  ചാരു മജുൻദാറിനെയോ  അറിഞ്ഞത്   എത്രയോ  തുച്ഛമാണ്  .. ..


'ഭരണകൂടം   എവിടെയും  സായുധരാണെന്നും ,   ജനത  നിരായുധരാണെന്നും ,  അടിച്ചമർത്തപ്പെടുമ്പോഴാണ്   മനുഷ്യൻ  പ്രതിരോധത്തെക്കുറിച്ച്   ചിന്തിയ്ക്കുന്നതെന്നും'   പറയുന്നു  ,  കേരളത്തിലെ  നക്സലൈറ്റ് സമര  സംസ്ക്കാരത്തിന്റെ   അദൃശ്യനായ  പോരാളി,  പി.റ്റി തോമസ് ...


  നക്സൽബാരിക്കാലത്തെ   സ്ത്രീകളുടെ  നേതാവായിരുന്ന  ശാന്തി മുണ്ടയെ  വളരെ കൗതുകത്തോടെയാണ്  വായിച്ചത്..!    


  " നിയമം  അനുസരിച്ച്  - 1954 - ലെ  എസ്റ്റേറ്റ് ഏറ്റെടുക്കൽ നിയമം -  കൈയ്യിൽ വയ്ക്കാവുന്നതിലധികം  ഭൂമി കൈവശം വച്ചിരിയ്ക്കുന്ന തോട്ടം ഉടമകളുടെ മിച്ചഭൂമി , പിടിച്ചെടുത്ത് ,  ഭൂമിയില്ലാത്ത  തെഴിലാളികൾക്ക്  കൊടുക്കണം "     എന്ന്  ആവശ്യപ്പെട്ട്   ഞങ്ങൾ സമരം  തുടങ്ങി "     എന്ന   ശാന്തിമുണ്ടയുടെ   വാക്കുകളിലൂടെ  സഞ്ചരിയ്ക്കുമ്പോൾ ,   ഓർത്തുപോകുന്നു.......    ഇന്നും  ഇതൊക്കെത്തന്നെ കാഴ്ചകൾ ! 


അറിഞ്ഞതൊന്നും  മറന്നിട്ടില്ല...  അറിയാനിനി ഏറെയുണ്ട് താനും .     ആരെക്കുറിച്ചും  വ്യക്തിപരമായി  ഒരുപാട് പരാമർശിയ്ക്കാനുള്ള   അറിവും എനിയ്ക്കില്ല.    എങ്കിലും ,   മന്ദാകിനി   എന്ന  അമ്മ  ,  അജിത   എന്ന  മകൾക്ക്  അയച്ച കത്തുകളേക്കുറിച്ച്   വായിച്ചപ്പോൾ     ഉണ്ടായ   നിശ്വാസങ്ങളേറ്റ് ,  എന്റെ  കുടുംബചരിത്ര പുസ്തകത്തിന്റെ  താളുകൾ  മറിഞ്ഞപ്പോൾ ,  സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെയും ,  വിപ്ലവത്തിന്റെയും   അഗ്നിനക്ഷത്രങ്ങൾ ....  നന്മയുടെ   അക്ഷയപാത്രത്തിൽ   നിന്നും   കമ്മ്യൂണിസം   വിളമ്പിയ  ഓർമ്മകൾ...    അറിയാതൊന്ന്  കത്തിയാളി  എന്റെ  മനസ്സും...  


അതുകൊണ്ട്  ,  അമ്മ   പറഞ്ഞ   കഥകളിലെ   കാര്യങ്ങൾ  ഒന്ന് ഓർത്തെടുത്ത് ,   അറിഞ്ഞതും  ചേർത്തൊന്ന്   പങ്കുവച്ചു..  അത്രമാത്രം..






28 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Viplavangaliloode, Parvarthanangaliloode ...!
.
Manoharam, Ashamsakal...!!!

അരപ്പിരി പറഞ്ഞു...

അമ്മ പറഞ്ഞുതന്ന കഥകളിൽ കൂടി കാലം മറന്നു തുടങ്ങിയ ചില ഓർമകൾ പങ്കുവച്ചതിൽ താങ്ക്സ്.പക്ഷെ മനസ്സിൽ തോന്നിയ ഒരു കാര്യം പറയട്ടെ.... അല്ലെങ്കിൽ വേണ്ട.

Soman Pillai പറഞ്ഞു...

ഇനി ഇത്തരം കാര്യങ്ങള്‍ ഒരു ചരിത്രം പോലെ വായിച്ചു പോകാനേ കഴിയൂ എന്നാണ് തോന്നുന്നത്. കാരണം ഇന്ന് സ്റെട്റ്റ് അന്നതെതിന്റെ എത്രയൊഇരട്ടി ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു

Sivananda പറഞ്ഞു...

thank u suresh..

Sivananda പറഞ്ഞു...

thank u sminesh..

Sivananda പറഞ്ഞു...

thank u pillachettaa..

Sivananda പറഞ്ഞു...

parayanullathu paranjolu sminesh.. thettukal undenkil paranjal njan thirutthaam.

R N Kurup (Unni) പറഞ്ഞു...

അടിച്ചമർത്തലുകൾക്കും ചൂഷണത്തിനും എതിരെ പ്രതികരിക്കാൻ പല വഴികൾ അതിൽ ഒന്ന് ആയിരുന്നു നക്സലിസം . ഒരു കാലത്തു ഭീതിയോടെ ജനം നോക്കിക്കണ്ട ഒരു പ്രത്യേയ ശാസ്ത്രം . പറയത്തക്ക എന്ത് നേട്ടമാണ് സമൂഹത്തിനു സാധാരണക്കാരന് നേടി കൊടുക്കാൻ കഴിഞ്ഞത് ഇതിലൂടെ . ഭരണ കൂടത്തിനു എതിരെ സ്വതന്ത്ര ഇന്ത്യയിൽ ഒരുപാട് സമരങ്ങൾ നടന്നട്ടുണ്ട് എന്നാൽ സായുധ അക്രമങ്ങൾ ആയി നടന്ന ഭൂരിഭാഗവും നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയത് . മനുഷ്യനെ ശാരീരികമായി ആക്രമിച്ചു അല്ല പ്രത്യേയ ശാസ്ത്രങ്ങൾ വളരേണ്ടത് അത് മനുഷ്യ മനസ്സുകളിൽ കൂടി ആവണം എങ്കിലേ അവക്ക് നിലനിൽപ്പ് ഉണ്ടാവു . ആ ചിന്ത ഇല്ലാതെ പോയതിനാൽ തന്നെ ഈ പ്രസ്ഥാനവും ജനങ്ങളിൽ നിന്നും അകന്നു വിരലിൽ എണ്ണാവുന്നവരിൽ ഒതുങ്ങി . അവർ ചൂണ്ടി കാണിച്ച ചൂഷണങ്ങൾ ഇന്നും നടക്കുന്നുണ്ട് . അത് ഒഴുവാക്കാൻ സമാധാന പ്രേമികൾക്കും കഴിഞ്ഞട്ടില്ല . ഒരു ജന്മിയുടെ കഴുത്തു അരിയുമ്പോൾ മറ്റൊരു ജന്മി ഉദയം കൊള്ളുന്നു . അതാണ് അവസ്ഥ . തമ്മിൽ തല്ലും അഴിമതിയും സ്വജന പക്ഷപാതിത്വവും ഇല്ലാത്ത ഏതു രാഷ്ട്രീയ പ്രസ്ഥാനം ആണ് ഉള്ളത് . വർഗ്ഗ രാഷ്ട്രീയവും വർഗ്ഗീയ രാഷ്ട്രീയവും ഇന്ന് സമരസപെട്ടു പോകുന്ന കാഴ്ച ആണ് കാണുന്നത് . അതിനാൽ തന്നെ ഇങ്ങനെ ഉള്ള അതി വിപ്ലവ സംഘടനകൾക്ക് നിലനിൽപ്പ് ഇല്ലാതെ പോവുന്നു .

Sivananda പറഞ്ഞു...

വളരെ ശരിയാണ് ഉണ്ണി പറഞ്ഞത്. ഫിലിപ്പ്.എം.പ്രസാദ് തന്നെ പറയുന്നത്, "അതൊരു വെറും ഈര്‍ക്കിലി കലാപം മാത്രമായിരുന്നു " എന്നാണു. എവിടെയും എത്താത്തതും , ദീഘവീക്ഷണം ഇല്ലാത്തതുമായ വന്ധ്യത്യാഗങ്ങള്‍ എന്നെനിയ്ക്കും ചിന്തിയ്ക്കാന്‍ തോന്നും. എങ്കിലും അന്ന് അവരൊക്കെ , കരാറെടുത്തതുപോലെ പ്രവര്‍ത്തിയ്ക്കുകയായിരുന്നില്ല എന്നത് മറക്കാനും വയ്യ. പ്രവര്‍ത്തിച്ചു വിശ്വാസമാര്‍ജ്ജിയ്ക്കുകയാണ് ചെയ്തതെന്ന് വേണം കരുതാന്‍.. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവശരുടെയും രക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ഒരു മൂമെന്റ്റ് ആയി മാറുകയായിരുന്നു എന്നാണു മനസ്സിലാവുന്നത്. നന്ദി ഉണ്ണി..

R N Kurup (Unni) പറഞ്ഞു...

അങ്ങനെ ഒരു മൂവ്മെന്റ് കൊണ്ട് ആ വിഭാഗത്തിന് യാതനകൾ കൂട്ടുകയല്ലാതെ എന്ത് നേട്ടം ആണ് ഉണ്ടായതു . കേരളത്തിലും സമാനമായ പല അക്രമങ്ങളും ആകാലത്തും പല കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ ആഹ്വാന പ്രകാരവും ഉണ്ടായി . അവ കുറച്ചു നേതാക്കൾക്ക് ഗുണം ഉണ്ടായിക്കാനും എന്നാൽ സാധാരണക്കാരായ നിരവധി പ്രവർത്തകർ അതിന്റെ പേരിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് . സമരങ്ങളെ തള്ളിപ്പറയുകയല്ല കൊന്നും കൊലവിളിച്ചും വിദ്വംസക പ്രവർത്തനങ്ങൾ നടത്തിയും ഉള്ള വിപ്ലവം ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് ആയാൽ പോലും.

ഫ്രാന്‍സിസ് പറഞ്ഞു...

നല്ല സമയ സഞ്ചാരം.ചരിത്രവായന എന്നത് സാദ്ധ്യമായ ഒരു സമയ സഞ്ചാരം ആണല്ലോ.ഇതെത്ര ചെറുത്‌ ആണെങ്കിലും ഞാന്‍ അറിഞ്ഞിരുന്നതിലും കുറെ ഏറെ വലുതാണ്‌.വസന്തം എത്തിയോ എന്നത് സംശയം ആണെങ്കിലും അതും ഒരിടിമുഴക്കം ആയിരുന്നു,'വസന്തത്തിന്റെ ഇടിമുഴക്കം'.

Sivananda പറഞ്ഞു...

thank u unknown friend... നടന്നതിലും എത്രയോ കുറച്ചാണ് നമ്മള്‍ അറിഞ്ഞത് ! അറിഞ്ഞതിലും എത്രയോ കുറച്ചാണ് നമ്മള്‍ ഓര്‍ത്തുവച്ചത് ! ഓര്‍ത്തുവച്ചതില്‍ എത്രയോ കുറച്ചാണ് എഴുതി വച്ചത്.. "വസന്തത്തിന്‍റെ ഇടിമുഴക്കം " ! അതെനിയ്ക്കിഷ്ടമായി ആ പ്രയോഗം.. അതെ ..അതങ്ങനെതന്നെയാണ് വിശേഷിപ്പിയ്ക്കേണ്ടത് എന്നെനിയ്ക്കും തോന്നുന്നു... നന്ദു സുഹൃത്തേ...

Sivananda പറഞ്ഞു...

നന്ദി അജ്ഞാത സുഹൃത്തേ വായനയ്ക്ക്.. സമയസഞ്ചാരം സാദ്ധ്യമാകാന്‍ വേണ്ടി , വായനക്കാരുടെ കൈപിടിച്ച് ഞാനും നടക്കുന്നു എന്നതാണ് എന്റെ രീതി.. വിജയമാണോ പരാജയമാണോ എന്നൊന്നും അറിയില്ല. ഒരു കുറിപ്പ് തയ്യാറാക്കുമ്പോ, അതില്‍ ഞാനുമൊരു കഥാപാത്രമാകാനുള്ള ശ്രമം... :)

Sivananda പറഞ്ഞു...

ഉണ്നിയെപ്പോലൊരു കമ്മ്യൂണിസ്റ്റ് കാരനോട് തര്‍ക്കിയ്ക്കാന്‍ ഞാനില്ലേയ്.. ഹ്ഹ..

എന്നാലും ഉണ്ണി, ഞാന്‍ ഈ കാര്യങ്ങളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ അല്ല..അതിനുള്ള അറിവും എനിയ്ക്കില്ല. ഞാനൊരു നിരീക്ഷക മാത്രമാണ്. കേട്ടതും അറിഞ്ഞതുമൊക്കെ വച്ച് ചെറിയൊരു നിരീക്ഷണം.. അത്രേയുള്ളൂ.

എന്തായാലും നേതാക്കള്‍ പ്രസംഗിയ്ക്കാനും അണികള്‍ തല്ല് കൊള്ളാനും എന്നൊരു നയം അന്നുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. മദ്ധ്യവര്‍ഗ്ഗക്കാരായിരുന്നു സമരം നയിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. അവര്‍തന്നെയാണ് ജയിലില്‍ പോയതും കൊടിയ പീഡനങ്ങള്‍ സഹിച്ചതും.. അതിനു പ്രയോജനമുണ്ടായോ എന്നത് മറ്റൊരു വിഷയം..

പ്രസ്ഥാനത്തിനകത്ത് പ്രത്യയശാസ്ത്രപരവും നേതൃപരവുമായ സംഘര്‍ഷങ്ങള്‍ ഇന്നത്തെപ്പോലെതന്നെ അന്നും ഉണ്ടായിരുന്നു. അത് പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിനൊരു കാരണവും ആയിട്ടുണ്ട്.

സത്യത്തില്‍ ഇത്, ഒരു വന്ധ്യത്യാഗം എന്ന് ഞാന്‍ നേരത്തെ വിശേഷിപ്പിയ്ക്കാനും ഉണ്ട് കാരണങ്ങള്‍..സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടാനുള്ള സമരം എന്നത് കണക്കാക്കാതെ ഒരു കര്‍ഷക സമരം മാത്രമായി അത് വിജയിപ്പിയ്ക്കാന്‍ കഴിയില്ല എന്ന് സംഘടയ്ക്കകട്ത് മുന്നറിയിപ്പ് നല്‍കിയ നേതാവ്, കാനുസന്യാല്‍ , ജയിലില്‍ നിന്നും തിരികെ വന്നപ്പോള്‍ കണ്ടത് , നക്സല്ബാരിയില്‍ നിന്നും കള്ളക്കടത്ത് സാധനങ്ങളും മരങ്ങളും മറ്റും നേപ്പാളിലേയ്ക്ക് കടത്തുന്നു, പഴയ സഖാക്കളില്‍ പലരും !! ജീവിയ്ക്കാന്‍ വേണ്ടിയുള്ള തത്രപ്പാട്..!!! നക്സല്ബാരിയുടെ തിലകക്കുറി ആയിരുന്ന തുക്കൂരിയ വനം എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചപ്പോ, വളരെ ലളിതമായി സഖാക്കള്‍ ഉത്തരം പറഞ്ഞു , "അത് ഞങ്ങളുടെ വയറ്റില്‍പോയി". സത്യവും വിപ്ലവസ്വപ്നവും തമ്മിലുള്ള ഈ സംഘര്‍ഷം അദ്ദേഹത്തിനു ഉള്‍ക്കൊള്ളാനായില്ലെന്ന് വേണം മനസ്സിലാക്കാന്‍..

അന്തരിച്ച വിഖ്യാത പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായര്‍ , ആശുപത്രിക്കിടക്കയില്‍ വച്ച് തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ചോദിയ്ക്കുന്നുണ്ട്, നക്സല്‍ബാരി ആന്ദോളനം ആര്‍ക്കുവേണ്ടിയായിരുന്നു എന്ന്.. എന്ത് ഗുണമുണ്ടായി എന്ന്..

പക്ഷേ, ഉണ്ണി, ഹിംസയോടു ഞാനും യോജിയ്ക്കുന്നില്ല. എന്നാല്‍, ദളിത്‌ പ്രശ്നമായാലും സ്ത്രീശാക്തീകരണം ആയാലും പരിസ്ഥിതി സമരമായാലും ഇതെല്ലാം അന്ന് നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച പ്രശ്നങ്ങള്‍ തന്നെയായിരുന്നു. ഇന്നും നമ്മള്‍ ഇതെല്ലാം മുന്നോട്ടു വച്ച് സമരം ചെയ്യുന്നു എന്ന് വരുമ്പോള്‍ .. ഉണ്ണി. നക്സലൈറ്റുകളുടെ യൗവ്വനം ഇന്നും ചോര്‍ന്നുപോയിട്ടില്ല അല്ലെ ? ഹ്ഹ.. എന്നെ കൊല്ലണ്ട..ഞാന്‍ നക്സലൈറ്റും അല്ല. ഉണ്നിയെപ്പോലെതന്നെയൊരു കമ്മ്യൂണിസ്റ്റ്കാരി മാത്രം.. ഒഹ് ! അങ്ങനെയും പറയുന്നില്ല.. നല്ലൊരു കമ്യൂണിസ്റ്റ് കാരന്റെ മകള്‍ മാത്രം. അത്രേയുള്ളൂ യോഗ്യത.. :)

nandu പറഞ്ഞു...

നന്ദ ,
ഇങ്ങനെയുള്ള കാര്യങ്ങളിൽ ഗാഢമായ ഗ്രാഹ്യം എനിക്കില്ല .തന്റേടവും ചങ്കൂറ്റവും ആദർശവും ജീവിത വ്രതമാക്കിയ പച്ചയായ കുറെ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്നത് അഭിമാനപ്രദം തന്നെ !

Sivananda പറഞ്ഞു...

അതെ നന്ദു.. പച്ചയായ കുറെ മനുഷ്യര്‍ ! അങ്ങനെയേ പറയാനുള്ളൂ എനിയ്ക്കും... ഹിംസ അവര്‍ നിര്‍ത്തിയിടത്തു നിന്നും പലരും വീണ്ടും തുടങ്ങി വച്ച് എന്നത് എന്നെ ഒട്ടും സന്തോഷിപ്പിയ്ക്കുന്നില്ല. എന്നാല്‍ സി.കെ.ജാനു, ഗീതാനന്ദന്‍ തുടങ്ങിയ ആളുകളെ ഞാന്‍ വളരെ ആകാംക്ഷയോടെയാണ് നിരീക്ഷിയ്ക്കുന്നത് ഇപ്പോള്‍... നന്ദി നന്ദു.. പിന്നെ നന്ദു, എനിയ്ക്കും അത്രമാത്രം അറിവ് ഒന്നും ഇല്ല. എന്നാലും ഇങ്ങനെയുള്ള സംവാദങ്ങള്‍ ഗുണം ചെയ്യുമല്ലോ എന്നാണു ഞാന്‍ കരുതുന്നത് .. :)

അജ്ഞാതൻ പറഞ്ഞു...

ഇവരുടെ അക്രമവും കൊള്ളയും കൊള്ളിവെപ്പും കൊണ്ട് എന്ത് നേട്ടം നാടിനും നാട്ടാർക്കും ഉണ്ടായി എന്ന് പരിശോധിച്ചാൽ വസന്തത്തിന്റെ ഇടിമുഴക്കം അല്ലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും . ശിവനന്ദയെ പോലെ കമ്മ്യൂണിസ്റ് പാരമ്പര്യം ഉള്ളവർക്ക് ഊർജ്ജം പകരുന്ന കാര്യങ്ങൾ ആവാം . പിന്നെ ചോദ്യം ചെയ്യാൻ ആള് ഉണ്ട് എന്ന ഭയത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ട് വരാൻ ചില സ്ഥലങ്ങളിൽ സാധിച്ചു. അതിനു അപ്പുറം ഒന്നും ഈ പ്രസ്ഥാനത്തിൽ നിന്നും ഉണ്ടായതായി അറിവ് ഇല്ല . കേരളത്തിലും ഇതേ പോലെ കമ്മ്യൂണിസ്റ് പ്രസ്ഥാങ്ങളുടെ നേതൃത്വത്തിൽ പല അക്രമങ്ങളും ഉണ്ടായി പോലീസ് സ്റ്റേഷൻ അക്രമം ഉൾപ്പടെ . താങ്കൾക്ക് കൂടുതൽ അറിവ് ഉള്ളതാണല്ലോ അത് . എന്നാൽ അതിലെ നേതാക്കൾ പിന്നീട് ജനകീയ വഴികളിലൂടെ പ്രവർത്തിച്ചു നാടിനു നന്മ ചെയ്തു . അങ്ങനെ ജനകീയ വഴിയിലേക്ക് തിരിയാതിരുന്നതാണ് ഈ പ്രസ്ഥാനത്തിന് ഉണ്ടായ തകർച്ചക്ക് കാരണം . ശരിയല്ലേ

Sivananda പറഞ്ഞു...

വളരെ ശരിയാണ് .. നേട്ടങ്ങള്‍ എന്നും പൊരുതി നേടിയത് തന്നെയാണ്.. എനിയ്ക്കും ഹിംസയോടു താല്‍പ്പര്യമില്ല അജ്ഞാത സുഹൃത്തേ.. അതെ.. പോലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെ സമരപോരാട്ടങ്ങള്‍ പലതും കേട്ടിരിയ്ക്കുന്നു.. അറിയുകയും ചെയ്യാം അത്.. അവരെല്ലാം ജനകീയവഴിയിലേയ്ക്ക്നീങ്ങി നാടിനു നന്മ ചെയ്തു എന്ന് വളരെ നന്നായി അറിയുന്ന ആളാണ്‌ ഞാന്‍..ഇപ്പൊ ഈ പറയുന്ന അജിതയും ഫില്പ്.എം.പ്രസാദും ഒക്കെ ജനകീയവഴിയിലേയ്ക്ക് തന്നെയാ ഇപ്പൊ
തിരിഞ്ഞിരിയ്ക്കുന്നത്.. സംശയമില്ല. അവര്‍തന്നെ അത് പറയുന്നുമുണ്ട്. നന്ദി ചങ്ങാതി..

അജ്ഞാതൻ പറഞ്ഞു...

നമ്മുടെ എറണാകുളം അടക്കം ഉള്ള ജില്ലകളിൽ പല സ്ഥലത്തും അങ്ങനെ അക്രമങ്ങൾ നടന്ന ഒരു കാലം ഉണ്ട് . പ്രശസ്തമായ " ഇടപ്പള്ളി" പോലീസ് സ്റ്റേഷൻ ആക്രമണം അതിൽ ഒന്ന് . അതിലെ പ്രതികളുടെ ലിസ്റ്റിൽ ഉണ്ടാക്കുന്ന പലരും പിൽക്കാലത്തു സി പി ഐ എം ന്റെയും സി പി ഐ യുടെയും പ്രശസ്തരായ നേതാക്കൾ ആയി പിൽക്കാലത്തു മാറി. അത് താങ്കൾക്ക് നേരിട്ട് അറിവ് ഉള്ളതാണല്ലോ !!!.. എന്നാൽ കേരളത്തിൽ നക്സൽ പ്രസ്ഥാനങ്ങളിലെ എത്ര നേതാക്കൾ മുഖ്യധാര രാഷ്ട്രീയതിലേക്കു വന്നു . പലരും ഉൾവലിഞ്ഞു ജീവിക്കുന്നു . ജനകീയ പ്രശ്ങ്ങൾ ജനകീയമായി ഏറ്റെടുക്കാൻ അവർ തയാറാകുന്നില്ല . അതാണ് അവർ പിന്നോട്ട് പോകുന്നത്. അനീതിക്ക് എതിരെ ശബ്ദിക്കാൻ എന്നും ആരേലും ഉള്ളത് നല്ലതാണ് .

Sivananda പറഞ്ഞു...

:).... ശരിയാ സുഹൃത്തേ.. അറിയാം എനിയ്ക്ക്. നക്സല്‍ നേതാക്കാള്‍ പലരും ഉള്‍വലിഞ്ഞു ജീവിയ്ക്കുന്നു. അത് അവര്‍തന്നെ സമ്മതിയ്ക്കുന്നുമുണ്ട്. എന്നാല്‍ അവര്‍ കൊളുത്തിവച്ച ദീപശിഖയുടെ നനുത്തൊരു വെളിച്ചം പില്‍ക്കാലത്തെ സമരങ്ങളിലും വെളിച്ചം പകര്‍ന്നിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. താങ്കള്‍ പറഞ്ഞതുപോലെ
ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു ജീവിയ്ക്കുന്ന കാഴ്ച കണ്ട് കുളിരണിഞ്ഞിട്ടുള്ള ആളാണ്‌ ഞാന്‍. ഈ അടുത്ത നാളില്‍ പിക്കറ്റിംഗ് നു പോയി, മുന്‍ നിരയിലിരുന്നു പോലീസിന്റെ അടി കൊണ്ട് മുറിവ്പറ്റിയ ( അദ്ദേഹത്തിനു നേരെയായിരുന്നില്ല ലാത്തി വന്നത്. ഒരു പ്രവര്‍ത്തകന് നേരെ വന്ന അടി, ആ പ്രവര്ത്തകന് കൊള്ളാതിരിയ്ക്കന്‍ വേണ്ടി അയാളെ പൊതിഞ്ഞു പിടിച്ച് ഇദ്ദേഹം തടയുകയായിരുന്നു..അങ്ങനെയാണ് അദ്ദേഹത്തിനു മേല്‍ അടി കൊണ്ടത് ) ഒരു സ്വാതന്ത്ര്യസമര സേനാനിയോട് പലരും ചോദിച്ചു, "താങ്കള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ, ഇതിനൊക്കെ ആളുകളില്ലേ" എന്ന് ! അദ്ദേഹത്തിന്, മറുപടി പറയാന്‍ ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. ഇതായിരുന്നു ആ മറുപടി. ' എനിയ്ക്കിതാണ് ശീലം " !!!

നന്ദി സുഹൃത്തെ..

Sivananda പറഞ്ഞു...

ആ ശരീരത്തെ മുറിവ് കണ്ട് വേദനിയ്ക്കുന്നതിനു പകരം അഭിമാനിയ്ക്കുകയാണ് ഞാന്‍ ചെയ്തത് എന്നുകൂടി പറയട്ടെ.. താങ്കള്‍ അത് പരാമര്ശിച്ചതുകൊണ്ട്മാത്രം പറഞ്ഞതാണ് കേട്ടോ..

Unknown പറഞ്ഞു...

നന്ദേചിയുടെ ഉള്ളിലുള്ള വിപ്ലവവീര്യമാണ് ഈ കുറിപ്പിനാധാരം. ഇഷ്ടായി, നന്നായി



Sivananda പറഞ്ഞു...

നന്ദി ഗിരീഷ്‌ .. ശരിയാവാം..

Sivananda പറഞ്ഞു...

thank usuresh..

Unknown പറഞ്ഞു...

"നിങ്ങൾ ഭീരുവാണെങ്കിൽ , സ്വന്തം ഭീരുത്വത്തിലാണ് ജീവിയ്ക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ അനുഭാവിയാകുമ്പോൾ , ചോരുന്നത് , അവനവനായിത്തീരലിന്റെ ആർജ്ജവമാണ് .

ആശംസകള്‍

Sivananda പറഞ്ഞു...

നന്ദി സോമാ..

മഹേഷ് മേനോൻ പറഞ്ഞു...

മഹത്തായൊരു ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന ഉറച്ച വിശ്വാസത്തിൽ മുന്നേറിയവർക്കു പിന്നീട് ലക്ഷ്യബോധം നഷ്ടപ്പെട്ടതാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ തളർച്ചക്കു കാരണം എന്ന് കരുതുന്നു.

മോഹൻലാലിന്റെ ഒരു പ്രശസ്തമായ ഡയലോഗിൽ ഇങ്ങനെ പറയുന്നു

"വ്യവസ്ഥിതി മാറിയില്ല... വ്യക്തികൾ മാത്രം മാറി. ഒറ്റപ്പെട്ട കൊലപാതകങ്ങൾ മഹത്തായ മാറ്റം മാത്രം കൊതിക്കുന്ന വികാരജീവികളായ വിപ്ലവകാരികളുടെ മനോരോഗത്തിന്റെ സൃഷ്ടികൾ മാത്രമാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു"

പലപ്പോഴും അത് ശരിയല്ലേ എന്ന് തോന്നാറുണ്ട്..

Sivananda പറഞ്ഞു...

ശരിയാണ് മഹി.. നന്ദി ..സന്തോഷം. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .